തൃശൂർ: ജില്ലയിലേക്ക് ട്രെയിൻമാർഗം ലഹരി കടത്ത് വർധിക്കുന്നു. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രണ്ട് ബാഗുകളിലായി 15 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. പാൻമസാല ഉൾപ്പെടെ ലഹരി ഉൽപന്നങ്ങൾ നേരത്തെയും റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെടുത്തിരുന്നു. അന്തർസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ മറവിലാണ് ലഹരി ഉൽപന്നങ്ങൾ ജില്ലയിലെത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരുപാടുപേർ ഒന്നിച്ചിറങ്ങുമ്പോൾ കാര്യമായ പരിശോധനകൾ നടക്കാറില്ല. ഇതിന്റെ മറവിലാണ് കഞ്ചാവുൾപ്പെടെ ലഹരി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത്.
ജനുവരി, ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിൽ കിലോക്കണക്കിന് കഞ്ചാവ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെടുത്ത സംഭവങ്ങൾ ഉണ്ടായിരുന്നു. പിടിയിലായവരിലേറെയും അന്തർസംസ്ഥാന തൊഴിലാളികളാണ്. അതേസമയം, ഇടവേളകളിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നത് സംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്തതാണ് ലഹരി കടത്ത് ആവർത്തിക്കാൻ കാരണം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്നായി 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും ഈ വർഷം പിടികൂടി.
നേരത്തെ ചരക്കുലോറികൾവഴിയും ബസ് വഴിയും കഞ്ചാവ് കടത്ത് വ്യാപകമായിരുന്നു. പൊലീസ് പരിശോധന ശക്തമാക്കിയതും വിവരങ്ങൾ ചോരുന്നതും ഇത്തരം കേസുകളുടെ എണ്ണം കുറച്ചു. മറ്റ് ജില്ലകളിലും റെയിൽവേ സ്റ്റേഷനുകൾവഴി ഇത്തരം കടത്തുകൾ നടക്കുന്നുണ്ട്. ഇത് പിന്നീട് പല ജില്ലകളിൽ എത്തിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കിലോകണക്കിന് കഞ്ചാവാണ് ഇത്തരം കടത്തുകളിൽ പിടിച്ചെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.