ഗുരുവായൂര്‍: ഗുരുവായൂരിലേക്ക് ട്രെയിനെത്തുന്നത് വൈകിച്ചത് ആലപ്പുഴ റെയില്‍ പാത നിര്‍മാണം. ഗുരുവായൂര്‍ പാതക്ക് 30 വര്‍ഷം തികയുമ്പോഴാണ് വേണമെങ്കില്‍ കുറച്ച് നേരത്തെ ട്രെയിൻ എത്തുമായിരുന്നു എന്നത് ചര്‍ച്ചയാകുന്നത്. തൃശൂര്‍ക്കാരനായ വി.എം. സുധീരന്റെ സമരപ്രഖ്യാപനമാണ് തൃശൂര്‍-ഗുരുവായൂര്‍ പാതയെ വൈകിച്ചത് എന്നതും രസകരമായ വസ്തുതയാണ്. മുന്‍ മന്ത്രി വി. വിശ്വനാഥ മേനോന്റെ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ എന്ന ആത്മകഥയിലാണ് ആലപ്പുഴ ഗുരുവായൂരിനെ ‘ലേറ്റ്’ ആക്കിയ കഥയുള്ളത്. 1977 മുതല്‍ 80 വരെയുള്ള ജനത സര്‍ക്കാറിന്റെ കാലത്താണ് സംഭവം.
ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരന് ആലപ്പുഴ പാതക്കായി താന്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഇത് വേണ്ടത് പോലെ ശ്രദ്ധിക്കുന്നില്ല. ആര്.എസ്.പി നേതാവ് എന്‍. ശ്രീകണ്ഠന് നായര്‍, എം.എന്‍. ഗോവിന്ദന് നായര്‍, എ.സി. ജോര്‍ജ്, വി. വിശ്വനാഥ മേനോന് എന്നിവരുമായി ബന്ധപ്പെട്ട് ആലപ്പുഴ പാത സര്‍വകക്ഷി പ്രശ്നമാക്കി ഉയര്‍ത്തി സുധീരന്റെ നിരാഹാരം ഒഴിവാക്കാനായി ശ്രമം നടത്തി. ഇവരെല്ലാം അന്ന് പാര്‍ലമെന്റ് അംഗങ്ങളായിരുന്നു.
അവര്‍ അന്നത്തെ റെയില്‍വേ മന്ത്രി മധു ദന്തവാതെയെ വീട്ടില്‍പോയി കണ്ടു. ആലപ്പുഴ പാത അനുവദിക്കണമെന്നും പയ്യനായ സുധീരനെ നിരാഹാരത്തിലേക്ക് വിടരുതെന്നുമായിരുന്നു ശ്രീകണ്ഠന് നായര്‍ക്ക് മന്ത്രിയോട് പറയാനുണ്ടായിരുന്നത്. ദന്തവാതെ ഒന്നാലിചിച്ച ശേഷം പറഞ്ഞു. ‘നിങ്ങളുടെ നിവേദനം ഞാന്‍ സ്വീകരിക്കാം. എന്നാല്‍, കേരളത്തിന് തന്നെ അനുവദിച്ചിട്ടുള്ള മറ്റൊരു റെയില്‍വേ ലൈനിന്റെ പണം ആലപ്പുഴക്ക് വേണ്ടി അലോട്ട് ചെയ്യാം’. അങ്ങനെ ആലപ്പുഴക്ക് പണം അനുവദിച്ചു. സുധീരന്റെ നിരാഹാര ഭീഷണി ഒഴിഞ്ഞു.
മധു ദന്തവാതെ തന്നെ ആലപ്പുഴ പാതക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍, തൃശൂര്‍-ഗുരുവായൂര്‍-കുറ്റിപ്പുറം പാതക്കുള്ള പണമാണ് ആലപ്പുഴക്കായി തിരിമറി ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് വിശ്വനാഥ മേനോന് ആത്മകഥയില്‍ പറയുന്നു. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് തൃശൂര്‍-കുറ്റിപ്പുറം പാതയുടെ ആദ്യഘട്ടമായി തൃശൂര്‍-ഗുരുവായൂര്‍ പാതക്ക് അനുമതിയായത്. 1994ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പാത ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പാതയാകട്ടെ 1989ല്‍ തന്നെ പൂര്‍ത്തിയായിരുന്നു. ആലപ്പുഴ പാതക്കായി തങ്ങളെല്ലാം രംഗത്തിറങ്ങിയിരുന്നെങ്കിലും മറ്റ് പാര്‍ട്ടിക്കാരെ ആരെയും ഉള്‍പ്പെടുത്താതെയായിരുന്നു സുധീരന്റെ പ്രചാരണമെന്നും ഗൗരിയമ്മ അടക്കമുള്ളവര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടായിരുന്നെന്നും ആത്മകഥയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.