ഗുരുവായൂര്‍: റെയില്‍വേ അധികൃതരുടെ ‘തിരക്കുകള്‍’ മൂലം ഗുരുവായൂര്‍ മേൽപാലത്തിന്റെ നിര്‍മാണം വൈകുന്നു. പാളത്തിന് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാനുള്ള തൂണുകളുടെ നിര്‍മാണം രണ്ട് മാസം മുമ്പ് പൂര്‍ത്തീകരിച്ചിട്ടും അനുമതി ലഭിക്കാത്തതിനാല്‍ സ്ഥാപിക്കാനായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ ഗര്‍ഡറുകള്‍ തൃശിനാപ്പിള്ളിയിലെ ഫാക്ടറിയില്‍ കിടപ്പാണ്.
റെയില്‍വേയുടെ സാങ്കേതിക പരിശോധന വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്ഗനൈസേഷന് (ആര്.ഡി.എസ്.ഒ) പ്രതിനിധികള്‍ ഗുരുവായൂരിലെത്തി പരിശോധന നടത്താന്‍ താമസിക്കുന്നതാണ് ഇപ്പോഴത്തെ തടസ്സം. ഗര്‍ഡറുകള്‍ തൃശിനാപ്പിള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത മാസം ആദ്യം പരിശോധന നടക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
പരിശോധന കഴിഞ്ഞ് അനുമതി ലഭിച്ചാലും പാലത്തിലെ ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം എടുക്കും. ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ ഭാഗത്തെ പാളത്തിന്റെ മുകളിലെ ഭാഗവുമായി ബന്ധിപ്പിച്ച ശേഷം മുകളിലെ റോഡ് നിര്‍മിക്കണം. റെയില്‍വേയുടെ അനാസ്ഥമൂലം രണ്ട് മാസമായി പ്രധാന പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് അവലോകന യോഗത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ തുറന്നടിച്ചു.
യോഗത്തില്‍ റെയില്‍വേ പ്രതിനിധി പങ്കെടുക്കാതിരുന്നതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ഉന്നതതലത്തിൽ യോഗം ചേരാൻ തീരുമാനമായി. പാലം പൂര്‍ത്തിയാകും റെയില്‍വേ ഗേറ്റ് തുറന്ന് ചെറുവാഹനങ്ങളെ കടത്തിവിടാമോ എന്ന് എം.എല്‍.എ ആരാഞ്ഞെങ്കിലും അതിന് കഴിയില്ലെന്ന് കരാറുകാരും മേല്‍നോട്ട ചുമതലയുള്ള സാങ്കേതിക വിദഗ്ധരും അറിയിച്ചു.
തിരുവെങ്കിടം അടിപ്പാതക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വില നിര്‍ണയം അടുത്തയാഴ്ചയോടെ നടക്കുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. അടിപ്പാതയുടെ രൂപരേഖ ഡിവിഷനല്‍ റെയില്‍വേ മാനേജരുടെ അംഗീകാരത്തിന് നല്‍കിയതായി നിര്‍മാണ ചുമതലയുള്ള കെ റെയില്‍ അധികൃതര്‍ അറിയിച്ചു. ചീഫ് ബ്രിഡ്ജ് എന്‍ജിനീയറുടെ അനുമതിക്ക് ശേഷം നഗരസഭക്ക് നല്‍കും. തുടര്‍ന്ന് സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങും.
അടിപ്പാതക്കായി ദേവസ്വത്തിന്റെ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. 4.72 കോടിയാണ് അടിപ്പാതയുടെ ചിലവ്. നഗരസഭ സെക്രട്ടറി ബീന എസ്.കുമാര്‍, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്, എന്‍ജിനീയര്‍ ലീല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.