തൃശൂർ: തൃശൂർ പൂരം പ്രദർശന നടത്തിപ്പ് പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പൂരം പ്രദർശനത്തിന്റെ വരുമാനത്തിൽനിന്ന് 30 ശതമാനം നികുതി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദർശന കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ വർഷവും സമാന നീക്കം ഉണ്ടായിരുന്നുവെങ്കിലും ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിച്ചിരുന്നു.
കഴിഞ്ഞവർഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു തവണയായി മിന്നൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നീട് ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചു. 2016-17ൽ ബാങ്കിൽ പണം നിക്ഷേപിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. 50 ലക്ഷം രൂപയിലധികം ഈ ഇനത്തിൽ അടക്കേണ്ടി വരുമെന്നാണ് അറിയിപ്പ്.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ ആദായ നികുതി പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടും വീണ്ടും നോട്ടീസ് അയക്കുന്നത് ബോധപൂർവമാണെന്ന പ്രതിഷേധത്തിലാണ് ദേവസ്വങ്ങൾ. ഈ വർഷവും നികുതി ചോദിക്കുന്ന അവസ്ഥയുണ്ടായാൽ പൂരം നടത്തിപ്പ് കടുത്ത പ്രതിസന്ധിയിലാകും.
പൂരം പ്രദർശന നടത്തിപ്പ് ഇരുദേവസ്വങ്ങളുടെയും നേതൃത്വത്തിലാണെന്നും ദേവസ്വം ഭരണസമിതികളാണ് പ്രദർശനം നടത്തുന്നതെന്നും അറിയിച്ച് മറുപടി നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
തറവാടക നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ഹൈകോടതിയുടെ അന്തിമ വിധി കാത്തിരിക്കുകയാണ്. രണ്ടുകോടി രൂപയോളം തറവാടക ഇനത്തിൽ വേണ്ടിവരുമെന്ന സത്യവാങ്മൂലത്തിൽ വിധി നിർണായകമാണ്. അത്രയും തുക നൽകാനാവില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ.
പൂരം നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്തുന്നത് പ്രദർശനത്തിൽനിന്നാണ്. 1964 മുതൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പൂരം പ്രദർശനം നടത്തുന്നത്. ഇത്തവണ പ്രദർശനത്തിന്റെ 60ാം വാർഷികമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.