കുന്നംകുളം: വയനാട് ദുരന്ത സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ നൽകാൻ തീരുമാനിച്ച തുക മൂന്നുമാസമായിട്ടും നൽകാത്തതിൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗം. ശ്മശാനം തുറന്ന് കൊടുക്കാത്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ സ്ഥിരംസമിതി അധ്യക്ഷനും രംഗത്ത് വന്നത് ഭരണസമിതിയെ വെട്ടിലാക്കി. ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് സഹായമെത്തിക്കാനായി മൂന്നുമാസം മുമ്പാണ് കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയം, ഉദ്യോഗസ്ഥരുടെ ശമ്പളം, കുടുംബശ്രീ പ്രവർത്തകർ, സുഭിക്ഷ കാന്റീനിൽനിന്നും നൽകുന്ന സംഭാവന എന്നിവക്ക് പുറമെ തനതു ഫണ്ടിൽനിന്നുമുള്ള തുക ചേർത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നായിരുന്നു കൗൺസിൽ തീരുമാനം.
എന്നാൽ, ഈ തുക കൈമാറാൻ കഴിയാതെ പോയത് സംബന്ധിച്ച് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗം ലെബിബ് ഹസൻ ചോദ്യം ചെയ്തു. കൗൺസിൽ തീരുമാനപ്രകാരം ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷത്തെ ലെബിബ് ഹസനും മാത്രമായിരുന്നു ഒരു മാസത്തെ ഓണറേറിയം നൽകാൻ തയാറായത്. അന്നേ ദിവസം 9600 രൂപയുടെ ചെക്ക് പ്രതിപക്ഷ അംഗം മുൻസിപ്പൽ സെക്രട്ടറിയേയും ഏൽപിച്ചു. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും ആ തുക പോലും കൈമാറാൻ തയാറാകാത്തതിന്റെ വിശദീകരണം ലെബിബ് ആവശ്യപ്പെട്ടു. എല്ലാ അംഗങ്ങളിൽനിന്നും ലഭിച്ചിട്ട് കൊടുക്കാമെന്നാണ് വിചാരിച്ചതെന്നും ആദ്യഘട്ടത്തിൽ കുടുംബശ്രീയിൽനിന്ന് ലഭിച്ച തുക കൈമാറിയിട്ടുണ്ടെന്നും ചെയർപേഴ്സൻ സീത രവീന്ദ്രൻ പറഞ്ഞു. എന്നാൽ, ചെയർപേഴ്സന്റെ മറുപടിയിൽ തൃപ്തികരമല്ലെന്നും സെക്രട്ടറി മറുപടി വ്യക്തമാക്കണമെന്നും ആവശ്യമുയർന്നു. തനത് ഫണ്ടിന്റെ കുറവാണ് തുക കൈമാറാൻ വൈകിയതെന്ന് സെക്രട്ടറി പറഞ്ഞു.
ഇതോടെ സെക്രട്ടറിയുടേയും ചെയർപേഴ്സന്റെയും മറുപടികളും രണ്ടും രണ്ടായി. ചെക്കിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതിയ ചെക്ക് നൽകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ, ഇനി നേരിട്ട് നൽകാമെന്നായിരുന്നു ലബീബിന്റെ മറുപടി. ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന നഗരസഭ ക്രിമറ്റോറിയം ചൊവ്വാഴ്ച തുറന്നു കൊടുക്കുമെന്ന കൗൺസിലിലെ പ്രഖ്യാപനം പാഴ് വാക്കായി മാറി. ഇനി അടുത്ത മാസം 15നുള്ളിൽ തുറക്കുമെന്നായിരുന്നു ചെയർപേഴ്സന്റെ അടുത്ത ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.