വരവൂർ: കൂടിയ ജനസാന്ദ്രതയും കുറഞ്ഞ സ്ഥല ലഭ്യതയും കാരണം സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം കുറവാണെങ്കിലും വ്യവസായ പാർക്കുകൾ കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വരവൂർ വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ പാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ നാടിന്റെ വലിയ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.
2009ൽ തുടങ്ങിയ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടും ഇച്ഛാശക്തിയോടെ മുമ്പോട്ട് കൊണ്ടുപോയി യഥാർഥ്യമാക്കാനായി. നേരിട്ടും പരോക്ഷമായും ഒരുപാട് പേർക്ക് ജോലി നൽകാൻ വ്യവസായ പാർക്ക് വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത അധ്യക്ഷത വഹിച്ചു.
ജില്ല വ്യവസായ കേന്ദ്രം അഡീഷനൽ ഡയറക്ടർ ജനറൽ കെ.എസ്. കൃപകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ജില്ല പഞ്ചായത്ത് മെംബർ പി. സാബിറ, വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് കെ. ഭവദാസൻ.
ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സ്മിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ദീപു പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി.കെ. യശോദമണി, എ. ഹിദായത്തുല്ല, വിമല പ്രഹ്ലാദൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രീതി ഷാജു, വരവൂർ ഇൻഡസ്ട്രിയൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. കൃഷ്ണൻ, പി.പി. ജോയ്സൺ, വി.ആർ ദിനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
8.5 ഏക്കറിൽ ഒരുക്കിയിട്ടുള്ള വ്യവസായ പാർക്കിൽ ജില്ല വ്യവസായ വകുപ്പ് നേരിട്ട് 5.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വ്യവസായ പാർക്ക് ഓഫിസ് കെട്ടിടത്തിൽ കോൺഫറൻസ് റൂം, വരവൂർ ഇൻഡസ്ട്രിയൽ മാനുഫാക്ചർസ് അസോസിയേഷൻ ഓഫിസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 40 കോടി രൂപയുടെ നിക്ഷേപം വ്യവസായ പാർക്കിൽ ഉറപ്പാക്കി.
28 വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച യൂനിറ്റ് മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രധിനിധികളും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.