ഇരിങ്ങാലക്കുട: ജില്ല കോടതിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടിക്കടുത്ത് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് (37) സൈബർ ക്രൈം സി.ഐ പി.കെ. പത്മരാജൻ, ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം. ജില്ല കോടതിയിലെ ജീവനക്കാരി ജഡ്ജിയുടെ ചേംബറിന് മുൻവശം വെച്ചിരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ച ഉടനെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് പ്രതി അന്നേ ദിവസം കോടതിയിലെത്തിയത്.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതി ജീവനക്കാരി ഇരിങ്ങാലക്കുടയിലെ സൈബർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോൺ കൊടുങ്ങല്ലൂർ തെക്കേ നടയിലെ മൊബൈൽ ഷോപ്പിൽ കൊടുത്ത് ഫോൺ അൺലോക്ക് ചെയ്യുകയും തുടർന്ന് ആ കടയിൽ തന്നെ 5000 രൂപക്ക് വിൽക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി അഴീക്കോട് ജെട്ടിയിൽ നിന്ന് അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷൻ എസ്.ഐ സി. ചിത്തരഞ്ജൻ, എസ്.സി.പി.ഒ എ.കെ. മനോജ്, സൈബർ വിദഗ്ധരായ സി.കെ. ഷനൂഹ്, കെ.എ. ഹസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.