വംശനാശ ഭീഷണി നേരിടുന്ന ആൺ,പെൺ ചിലന്തികൾ

വംശനാശ ഭീഷണി നേരിടുന്ന ചിലന്തികളെ കണ്ടെത്തി

ഇരിങ്ങാലക്കുട: വംശനാശം സംഭവിച്ചുവെന്ന് കരുതിയ രണ്ടിനം ചിലന്തികളെ ക്രൈസ്റ്റ് കോളജ് കാമ്പസിൽ കണ്ടെത്തി. കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്.

നീളൻ കാലൻ ചിലന്തി കുടുംബത്തിൽ വരുന്ന മൈക്രോഫോൾക്ക്‌സ് ഫറോട്ടി എന്ന ശാസ്ത്രനാമമുള്ള ചിലന്തിയാണ് ഇതിൽ ആദ്യത്തേത്‌. ഫ്രഞ്ച് ചിലന്തി ഗവേഷകനായ ഡോ. യൂജിൻ സൈമൺ 1887ൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ഇതിനെ ആദ്യം കണ്ടെത്തുന്നത്. ശേഷം 134 വർഷത്തിനു ശേഷം ആദ്യമായാണ് ക്രൈസ്റ്റ് കോളജിൽ കണ്ടെത്തുന്നത്.

ഉരുണ്ട ശരീരത്തോടെയുള്ള ഇവയുടെ വലുപ്പം വെറും രണ്ടു മില്ലീമീറ്റർ മാത്രമാണ്. വളരെ ചെറിയ തിളങ്ങുന്ന എട്ടു കണ്ണുകൾ നാലു കൂട്ടമായാണ് ഇരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകൾ കാണാം. വളരെ നീളം കൂടിയ പെട്ടെന്ന് ഒടിഞ്ഞു പോകുന്ന കാലുകളാണ് ഇവക്കുള്ളത്. ഇലകൾക്കടിയിൽ വലിച്ചുകെട്ടിയ നൂലുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. പെൺചിലന്തി വെളുത്ത മുത്തുപോലിരിക്കുന്ന മുട്ടകൾ ചിലന്തിനൂലിനാൽ പൊതിഞ്ഞു ചുണ്ടോടുചേർത്ത് കൊണ്ടുനടക്കുകയാണ് ചെയുന്നത്.

നീണ്ട താടിക്കാരൻ ചിലന്തി കുടുംബത്തിൽപെട്ട ടെട്രാഗ്നാത്ത കൊച്ചിനെൻസിസ് എന്ന ശാസ്ത്രനാമമുള്ള ചിലന്തിയാണ് രണ്ടാമത്തേത്. മദ്രാസ് മ്യൂസിയം ഡയറക്ടറും ബ്രിട്ടീഷ് ചിലന്തി ഗവേഷകനുമായിരുന്ന ഡോ. ഫ്രഡറിക് ഹെൻറി ഗ്രവേലി 1921ൽ അതിരപ്പിള്ളി വനത്തിൽനിന്നാണ് ഈ ചിലന്തിയെ ആദ്യം കണ്ടെത്തുന്നത്. പെൺ ചിലന്തിയെ മാത്രമാണ് അന്ന് കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജിലെ ഗവേഷകർ ആൺ, പെൺ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്.

ആൺ ചിലന്തിയുടെ നീണ്ട താടിയുടെ ഉൾഭാഗത്തായി നാലു പല്ലുകളും പുറം ഭാഗത്തായി മൂന്നു പല്ലുകളുമുണ്ട്. താടിയുടെ അഗ്രഭാഗത്ത് പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന മുള്ളുകളുമുണ്ട്. ഇണചേരുമ്പോൾ പെൺ ചിലന്തിയെ പിടിച്ചുനിർത്താനാണ് ഇത് ഉപയോഗിക്കുന്നത്. ഈ മുള്ളുകളുടെ നീളവും വളവുമാണ് ഈ ചിലന്തിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ആൺ ചിലന്തിയുടെ നീണ്ട ഇരുണ്ട ഉദരത്തിന്‍റെ മുകൾ ഭാഗത്തായി നീണ്ട വരയും പാർശ്വങ്ങളിലായി കറുത്ത കുത്തുകളുമുണ്ട്. ഉദരത്തിന്‍റെ അടിഭാഗം കറുത്ത നിറത്തിലാണ്. ആൺ ചിലന്തിയുടെ നീളം നാല് മില്ലീമീറ്ററാണ്.

പെൺ ചിലന്തിയുടെ നീണ്ട താടിയുടെ ഉൾഭാഗത്തായി 14 പല്ലുകളും പുറംഭാഗത്തായി എട്ട് പല്ലുകളുമുണ്ട്. ആറു മില്ലീമീറ്റർ നീളമുള്ള പെൺ ചിലന്തിയുടെ ഉദരത്തിന്‍റെ മുകളിൽ വെളുത്ത കുത്തുകളും പാർശ്വങ്ങളിലായി കറുത്ത വരകളുമുണ്ട്. ആൺ-പെൺ ചിലന്തികളുടെ ഇളം മഞ്ഞ നിറത്തിലുള്ള തലയിൽ രണ്ടു നിരകളിലായി എട്ട് കണ്ണുകളും മധ്യത്തിലായി ഇരുണ്ട നിറത്തിലുള്ള നീണ്ട വരയുമുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പുൽമേടുകളിൽ കാണുന്ന ഇവ പകൽ സമയത്തു ഇലകൾക്കടിയിൽ ഒളിച്ചിരിക്കുന്നു. വട്ടത്തിൽ വലയുണ്ടാക്കുന്ന ഇവ രാത്രിമാത്രമാണ് ഇരപിടിക്കാൻ പുറത്തേക്കു വരുന്നത്. ഇണചേർന്നതിന് ശേഷം പെൺചിലന്തി പുൽനാമ്പുകളുടെ അടിഭാഗത്തായി മുട്ടകളിട്ട് അടയിരിക്കുന്നു.

ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെയും യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗവേഷണ വിദ്യാർഥികളായ വിഷ്ണു ഹരിദാസ്, അഞ്ജു കെ. ബേബി എന്നിവരോടൊപ്പം തൃശൂർ കേരളവർമ കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപികയായ ഡോ. ഉഷ ഭഗീരഥനും പങ്കാളികളായി. ഇവരുടെ കണ്ടുപിടിത്തം ഈജിപ്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയായ സെർക്കറ്റിന്‍റെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Endangered spiders found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.