ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ഊരകം പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് അഞ്ചു മാസം പിന്നിടുന്നു.ഊരകം കുടിവെള്ള പദ്ധതിയുടെ ബിൽ കുടിശ്ശികയായതിനെത്തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് ജലവിതരണം തടസ്സപ്പെട്ടത്. എന്നാൽ വൈദ്യുതി ബില്ലിനത്തിൽ ഗുണഭോക്താക്കളിൽനിന്ന് കൃത്യമായി പിരിച്ചെടുക്കുന്ന സംഖ്യ കെ.എസ്.ഇ.ബിയിൽ അടക്കാത്തതാണ് ഫ്യൂസ് ഊരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
നേരത്തെ പ്രദേശത്തെ മറ്റൊരു കുടിവെള്ളപദ്ധതിയുടെ വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ചത് പഞ്ചായത്തിൽനിന്ന് പണം അടച്ചാണ് പുനഃസ്ഥാപിച്ചത്. അന്നും ഇതുപോലെ ഗുണഭോക്താക്കളിൽനിന്നും പിരിച്ചെടുത്ത സംഖ്യ കെ.എസ്.ഇ.ബിയിൽ അടച്ചിരുന്നില്ല. അടുത്ത വീടുകളിലെ കിണറുകളിൽനിന്നും ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്നുമാണ് ഇപ്പോൾ നാട്ടുകാർ ആവശ്യങ്ങൾ നിറവേറ്റുന്നത്.
ഗുണഭോക്തൃസമിതി വിളിച്ചുചേർത്ത് കണക്കുകൾ അവതരിപ്പിക്കണമെന്നും കെ.എസ്.ഇ.ബിയിൽ അടക്കാനുള്ള തുക എത്രയും വേഗം അടച്ചുതീർത്ത് കുടിവെള്ളം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ അഞ്ചു മാസമായി വെള്ളം ലഭിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പമ്പ് ഹൗസിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. മുരിയാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തോമസ് തത്തംപ്പിളളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.