ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് ജങ്ഷന് സമീപത്തെ ഉപയോഗശൂന്യമായ ജലസംഭരണി അപകടഭീഷണി ഉയര്‍ത്തുന്നു. മാര്‍ക്കറ്റില്‍ കുരിശങ്ങാടിയിലെ ജലസംഭരണിയാണ് ഇരുമ്പുതൂണുകള്‍ ദ്രവിച്ച് ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയിലുള്ളത്. വാട്ടര്‍ അതോറിറ്റി നിലവില്‍ വരുന്നതിനുമുമ്പ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് വകുപ്പായിരുന്ന സമയത്താണ് ടാങ്ക് സ്ഥാപിച്ചത്. ഇതിനടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം ടാങ്കിലേക്ക് എത്തിച്ചായിരുന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പിന്നീടത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജലസംഭരണി പിന്നീട് ഉപയോഗശൂന്യമായി.
കിണറും സമീപത്തുള്ള ജലസംഭരണിയുടെ തൂണുകളും കാടുകയറി. തൂണുകളെല്ലാം കാലപ്പഴക്കംകൊണ്ട് തുരുമ്പെടുത്ത ദ്രവിച്ച അവസ്ഥയിലാണ്. ഇതിന്റെ കാലുകള്‍ ഏതുസമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ജലസംഭരണിക്ക് താഴെയാണ് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രം. വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനുപേര്‍ ദിവസവും യാത്രചെയ്യുന്ന റോഡാണ് സമീപം. കിണര്‍ ശുചീകരിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. മാര്‍ക്കറ്റിലെ അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കും വാട്ടര്‍ അതേറിറ്റിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് പറഞ്ഞു. അതേസമയം ജലസംഭരണി പൊളിച്ചുനീക്കാനുള്ള സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.