ഇരിങ്ങാലക്കുട: റോഡ് നിർമാണത്തിൽ പ്രതിപക്ഷ കൗൺസിലർ അനാവശ്യമായി ഇടപെട്ടതായ ചെയർപേഴ്സന്റെ ആരോപണത്തെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. മുപ്പത്തിയഞ്ചാം വാർഡിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.സി. ഷിബിനുമായി തർക്കമുണ്ടായെന്ന് മുനിസിപ്പൽ എൻജിനീയർ തന്നോട് പറഞ്ഞതായാണ് ചെയർപേഴ്സൻ ചർച്ചകൾക്കിടയിൽ വെളിപ്പെടുത്തിയത്.
ആരോപണം നിഷേധിച്ച് കൗൺസിലർ രംഗത്തെത്തി. തുടർന്ന് വിഷയം ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പ്പോരിലും നടുത്തളത്തിൽ ഇറങ്ങിയുള്ള തർക്കത്തിലും കലാശിക്കുകയുമായിരുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അംഗം ടി.കെ. ഷാജു ആവശ്യപ്പെട്ടതോടെ എൽ.ഡി.എഫ് അംഗങ്ങളും ഷാജുവും തമ്മിലും തർക്കം ഉടലെടുത്തു.
വിഷയത്തിൽ വിശദീകരണം നൽകിയ മുനിസിപ്പൽ എൻജിനീയർ തന്നോട് കൗൺസിലർ സി.സി. ഷിബിൻ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ, തനിക്ക് എതിരെ നടത്തിയ പരാമർശം ചെയർപേഴ്സൻ പിൻവലിക്കണമെന്ന് സി.സി. ഷിബിൻ ആവശ്യപ്പെട്ടു. തന്നോട് എൻജിനീയർ പറഞ്ഞ കാര്യമാണ് താൻ ആവർത്തിച്ചതെന്ന നിലപാടിൽ ചെയർപേഴ്സനും ഉറച്ച് നിന്നു.
നിശ്ചിത അജണ്ടകളുടെ ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ മുനിസിപ്പൽ എൻജിനീയർ വ്യക്തത വരുത്തണമെന്നും പരാമർശം തിരുത്തണമെന്നും എൽ.ഡി.എഫ് കൗൺസിലർമാരായ അഡ്വ. കെ. ആർ. വിജയ, അൽഫോൺസ തോമസ് എന്നിവർ ആവശ്യപ്പെട്ടു. താൻ ഒരു കൗൺസിലറെയും കുറിച്ച് മോശമായി സംസാരിക്കാറില്ലെന്നും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും എൻജിനീയർ പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് വിരാമമായത്.
കൗൺസിലർമാരുടെ വാർഡുകളിലെ പരിപാടികളിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നിർത്തുന്നുവെന്ന അഡ്വ. കെ.ആർ. വിജയയുടെ വിമർശനത്തോടെയാണ് യോഗം ആരംഭിച്ചത്. ഭരണപക്ഷത്ത് 17 ഉം എൽ.ഡി.എഫിൽ 16 ഉം പേർ എന്ന കണക്ക് വിസ്മരിക്കരുതെന്നും വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യ വ്യക്തികളുടെയും കൗൺസിലർമാരുടെ വീടുകളിലും നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിജയ ആവശ്യപ്പെട്ടു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുമായി ആലോചിച്ചിട്ടാണ് പരിപാടികൾ തീരുമാനിക്കാറുള്ളതെന്നും വാർഡ് 12 ലെ പരിപാടി കൗൺസിലർ മാർട്ടിൻ ആലേങ്ങാടനുമായി ആലോചിച്ചിരുന്നുവെന്നും ചെയർപേഴ്സൻ മറുപടിയായി പറഞ്ഞു. വയോമിത്രം ക്യാമ്പുകളുടെ വേദികൾ കൗൺസിലർമാർ അറിയിച്ചാൽ അതനുസരിച്ച് നടത്താമെന്നും ഇത് സംബന്ധിച്ച് ജില്ല കോ ഓഡിനേറ്ററുമായി സംസാരിച്ചിരുന്നതായും ചെയർപേഴ്സൻ പറഞ്ഞു. എന്നാൽ പരിപാടി ചടങ്ങായി നടത്തുന്നത് നോട്ടീസ് രാത്രി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് മാർട്ടിൻ ആലേങ്ങാടനും വിശദീകരിച്ചു.
വനിത ദിനവുമായി ബന്ധപ്പെട്ട് നഗരസഭക്ക് തനതായ ഒരു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സി.സി. ഷിബിൻ വിമർശിച്ചു. ഇത് സംബന്ധിച്ച് ഒരു നിർദേശം പോലും ഷിബിൻ അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് ചെയർപേഴ്സൻ മറുപടിയായി പറഞ്ഞു.
വയോമിത്രം ക്യാമ്പുകളും നികുതി പിരിവും സ്വകാര്യ വ്യക്തികളുടെ വീടുകളിൽ നടത്തുന്ന വിഷയത്തിലും വാർഡുകളിലെ പരിപാടികളിലെ അധ്യക്ഷ സ്സ്ഥാനത്ത് നിന്ന് കൗൺസിലർമാരെ ഒഴിവാക്കുന്നതിലും ബി.ജെ.പി അംഗം സന്തോഷ് ബോബൻ വിയോജിപ്പ് രേഖപ്പെടുത്തി.
2021 - 22 വാർഷിക പദ്ധതി ചെയ്യണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുന്ന പ്രോജക്ടുകളുടെ പട്ടിക യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർലി, അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, ബൈജു കുറ്റിക്കാടൻ, അഡ്വ. ജിഷ ജോബി, സുജ സഞ്ജീവ്കുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.