ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയുള്ള ആത്മഹത്യകള്‍ തുടർക്കഥയാവുന്നു. ആത്മഹത്യ മുനമ്പാകുന്ന പാലത്തിന്റെ കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധചെലുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ആറുമാസത്തിനിടെ പാലത്തില്‍നിന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് രണ്ടുപേരാണ്. കഴിഞ്ഞ ദിവസം ചിറക്കല്‍ സ്വദേശിനിയും നാല് മാസം മുമ്പ് മാപ്രാണം സ്വദേശിയുമാണ് ജീവനൊടുക്കിയത്. ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈവരികള്‍ക്ക് മുകളില്‍ ഒരാള്‍ പൊക്കത്തിലെങ്കിലും ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ ഇത്തരം ശ്രമങ്ങള്‍ തടയാനാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. മാത്രമല്ല, പാലത്തിനുസമീപം പൊലീസിന്റെ സ്ഥിരം നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തണം. കുറച്ചുനാള്‍ മുമ്പ് ആത്മഹത്യ ശ്രമത്തിനിടയില്‍ ഒരാള്‍ രക്ഷപ്പെട്ടത് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലമായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് വിദ്യാര്‍ഥിയും ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. കൈവരികള്‍ക്ക് മുകളില്‍ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നവകേരള സദസ്സില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.