ഇരിങ്ങാലക്കുട: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ തുമ്പൂര്‍ ജങ്ഷനു സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(അഞ്ച്), രേഷ്മയുടെ സഹോദരന് വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്നിവര്‍ക്കാണ് കാറിലുണ്ടായിരുന്നവരില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷൈനിനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രേഷ്മ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപികയാണ്.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത(55), മാന്തോട്ടം വീട്ടില്‍ മുബീന(32), ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ(44), നൂര്ജഹാന്(44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അതിരപ്പിള്ളിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നവരായിരുന്നു കാറിലുണ്ടായിരുന്നത്. കറുകുറ്റിയിലെ കണ്വെന്ഷന് സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കാറ് വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
തൂമ്പൂരില് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ
അപകടത്തില്‍ തകര്‍ന്ന കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.