ഇരിങ്ങാലക്കുട: കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരും. ഇനി എന്തു ചെയ്യുമെന്നറിയില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. മൂന്നു ദിവസമായി ബങ്കറില്‍ തന്നെ.
പുറത്ത് ഉഗ്രസ്ഫോടനങ്ങള്‍ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുക്രെയ്നിലെ ബങ്കറില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി രേഹന്റെ വാക്കുകളാണിത്. ഞങ്ങള്‍ മുന്നൂറോളം വിദ്യാര്‍ഥികളാണ് ഈ ബങ്കറിലുള്ളത്. ഇതില്‍ 70 മലയാളി വിദ്യാര്‍ഥികളുണ്ട്. മൂന്നു ദിവസമായി ബങ്കറിനുള്ളില്‍ തന്നെയാണ്. പ്രാഥമിക സൗകര്യങ്ങള്‍ക്ക് മാത്രമാണ് മുകളിലത്തെ നിലയിലേക്ക് കടത്തി വിടുന്നത്. സീനിയര്‍ വിദ്യാര്‍ഥികളാണ് ബങ്കറിന്റെ കവാടത്തില്‍നിന്ന് ഇവരെ കടത്തിവിടുന്നത്.
എപ്പോഴും ഉഗ്രസ്ഫോടനങ്ങളുടെ ശബ്ദമാണ്. ഇന്നലെ രണ്ടുതവണ വലിയ സ്ഫോടനങ്ങള്‍ നടന്നു. സ്ഫോടനത്തോടൊപ്പം ശബ്ദവും കെട്ടിടത്തിന്റെ കുലുക്കവുമാണ് ഇവരെ ഭയപ്പെടുത്തുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ബോംബിങില് സമീപത്തെ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു. നിരത്തില്‍ നിറയെ സൈന്യത്തിന്റെ ഇരച്ചിലാണ്. രാത്രിയും പകലും ഉറക്കമില്ലാതെ കൈയില്‍ കരുതിയ ഭക്ഷണം കഴിച്ച് പ്രാര്‍ഥനയോടെ കഴിയുകയാണ് ഇവര്‍. നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ചോ, ഇനി എത്രനാള്‍ ബങ്കറിനുള്ളില്‍ കഴിയണം എന്നതിനെ കുറിച്ചോ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. ഇരുട്ടു നിറഞ്ഞ ബങ്കറിനുള്ളില്‍ നിറയെ പൊടിപടലങ്ങളാണ്. മാപ്രാണം പൊറത്തിശേരി കല്ലട അമ്പലത്തിനു സമീപം വട്ടപ്പറമ്പില്‍ വിനോദിന്റെയും റിജീനയുടെയും മകനാണ് രേഹന്‍.
ഭക്ഷിണ യുക്രെയ്നിലെ കാര്ഖ്യൂ നാഷനന്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് യുക്രെയ്നിലേക്ക് പഠനത്തിനായി പോയത്. വിദ്യാഭ്യാസ ലോണെടുത്താണ് പഠനത്തിനായി പോയത്. ജൂലൈ മാസം അവധിക്ക് നാട്ടിലെത്താമെന്ന് കരുതിയതാണ്, അപ്പോഴേക്കും യുദ്ധം വന്നു. മകന് അപകടം ഒന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലാണ് േരഹന്റെ കുടുംബം. രേഹന്‍ പത്താം ക്ലാസ് വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലും പ്ലസ്ടു പഠനം. ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കൻഡറി സ്കൂളിലുമായിരുന്നു. വിവരം അറിഞ്ഞ് കൂട്ടുകാര്‍ രേഹന്‍ അപകടം ഒന്നും സംഭവിക്കരുത് എന്ന പ്രാര്‍ഥനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.