മാള: പ്രളയകാലത്ത് കേടുപാടുകൾ സംഭവിച്ച കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജിന്റെ ഷട്ടറുകൾ നവീകരിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. ചാലക്കുടിപ്പുഴ ഒഴുകിയെത്തുന്നതിവിടെയാണ്. കായലിൽ നിന്ന് പുഴയിലേക്ക് ഉപ്പ് കയറാതെ തടയുന്നത് കണക്കൻകടവിലെ ഷട്ടറുകളാണ്.
പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് എത്തുന്ന വെള്ളം തടഞ്ഞുനിർത്തുന്ന അവസാന തടയണയാണിത്. കുഴൂർ, അന്നമനട, പൊയ്യ, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തേക്കുള്ള ജലസേചന പദ്ധതിയും കുടിവെള്ള പദ്ധതിയും പുഴയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. 2018ൽ ലോഹ ഷട്ടറുകൾ ഓരോന്നായി അടർന്നുവീണു പോയിരുന്നു. പിന്നീട് ഇത് തിരികെ സ്ഥാപിച്ചു.
പുഴയിൽ ഉപ്പുവെള്ള ഭീഷണി രൂക്ഷമായതിനെ തുടർന്ന് അടച്ച ഷട്ടർ കഴിഞ്ഞ ദിവസം തുറന്നിട്ടുണ്ട്. നേരത്തേ പ്രളയത്തിൽ തുറന്ന പത്ത് ഷട്ടറുകളും വെള്ളം ഇറങ്ങിയതിനെ തുടർന്ന് അടച്ചിരുന്നു. മോട്ടോർ തകരാറിലാവുന്നതിനാൽ ഷട്ടർ താഴ്ത്താനും അടക്കാനും കഴിയുന്നില്ലെന്ന് പറയുന്നു.
നേരത്തേ തകരാറിലായ ഷട്ടറിൽ കൂടി ഉപ്പുവെള്ളം കയറിയിരുന്നു. റെഗുലേറ്റർ കം ബ്രിഡ്ജിൽ ചോർച്ച ഉണ്ടായതിനെ തുടർന്നും വ്യാപകമായി ഉപ്പ് കലർന്നിരുന്നു. ഇത് കാർഷിക മേഖലയിൽ കനത്ത നഷ്ടം വരുത്തി. കുണ്ടൂർ, കുഴൂർ, തുടങ്ങിയ നിരവധി മേഖലകളിൽ കൃഷിനാശമുണ്ടായി. പുഴയിലേക്ക് ഉപ്പ് കയറിയതോടെ പ്രധാന ജലസേചന പദ്ധതികളുടെ പ്രവർത്തനം നിലക്കുകയും ചെയ്തു.
ഷട്ടറുകളുടെ അടിഭാഗത്തെ കോൺക്രീറ്റ് ഇപ്പോൾ അടർന്ന് പോയിട്ടുണ്ട്. പൂർണമായി അറ്റകുറ്റപ്പണി നടത്തണം. ഉപ്പുവെള്ളം കയറുന്നത് തടയാൻ ശാശ്വത പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.