തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് പകൽക്കൊള്ള. രേഖകളില്ലാതെയും ബാങ്ക് പരിധി മറികടന്നും കോടികളാണ് വായ്പയായി അനുവദിച്ചത്. 246 പേരാണ് കോടികൾ വായ്പയെടുത്തവരിലുള്ളത്. ഇതിൽ ബാങ്ക് രേഖകളനുസരിച്ചുള്ള വിലാസം അന്വേഷിച്ചതിൽ ഇങ്ങനെ ആളില്ലെന്ന് കണ്ടെത്തി നോട്ടീസുകൾ ബാങ്കിൽ തിരിച്ചെത്തി. 130 നോട്ടീസുകളാണ് ഇങ്ങനെ തിരിച്ചെത്തിയത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. ബാങ്കിെൻറ ആഭ്യന്തര അന്വേഷണ വിഭാഗം ഇക്കാര്യം ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നുവെങ്കിലും മൂടിവെക്കുകയായിരുന്നു.
സഹകരണ വകുപ്പ് ഓഡിറ്റിൽ വായ്പ അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടും ക്രമപ്രകാരമാക്കാനുള്ള നിർദേശം നടപ്പാക്കിയില്ലെന്നാണ് അറിയുന്നത്. ബാങ്കിൽ അംഗത്വം പോലുമില്ലാത്തവരുടെ പേരുകളിലടക്കം വൻതോതിൽ വായ്പയെടുത്തതായാണ് രേഖകൾ പരിശോധിച്ചതിൽ സഹകരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വായ്പയെടുക്കാത്തവർക്കും വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചതായി പരാതി ഉയർന്നിട്ടുണ്ട്. കരുവന്നൂരിൽ മൂന്നേ കാൽ സെൻറ് സ്ഥലം മാത്രമുള്ള ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം വായ്പയെടുത്തതിെൻറ പലിശയുൾപ്പെടെ തിരിച്ചടവ് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വായ്പകളിൽ പരിശോധന നടത്തേണ്ട ഭരണസമിതി അംഗങ്ങളിൽനിന്നും ഗൗരവ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. വിശദ പരിശോധനകളിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പറയുന്നത്.
ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു; സി.പി.എം നേതാക്കൾ പ്രതികൾ
തൃശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബാങ്ക് സസ്പെൻഡ് ചെയ്ത ജീവനക്കാരായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. ബാങ്ക് മാനേജർ ബിജു കരീം സി.പി.എമ്മിെൻറ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി.ആര്. സുനില്‍കുമാർ കരുവന്നൂര്‍ ലോക്കൽ കമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടൻറ് സി.കെ. ജിൽസും പാർട്ടി അംഗമാണ്.
കേസിൽ ഇരിങ്ങാലക്കുട പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ജൂലൈ 19നു ശേഷം പ്രതികളെ നാട്ടില്‍ കണ്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന. നിരവധി പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. വെറും അംഗത്വം മാത്രമുള്ളയാളുടെ പേരിൽ പോലും ലക്ഷങ്ങൾ വായ്പയെടുത്തതിെൻറ നോട്ടീസ് ബാങ്കിൽനിന്ന് ലഭിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർക്ക് ഭരണം കൈമാറിയിരിക്കുകയാണ്. പരാതി അഡ്മിനിസ്ട്രേറ്റർക്കും നൽകാനാണ് നോട്ടീസ് ലഭിച്ചിട്ടുള്ളവരുടെ തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുദർശെൻറ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് ബാങ്കിലെ ജപ്തി നടപടികൾ നിർത്തിവെച്ചു.
ബാങ്കിെൻറ ഭരണം സംബന്ധിച്ച് കേരള ബാങ്കുമായി ആലോചിച്ച് തീരുമാനിക്കാനാണ് സഹകരണ വകുപ്പിെൻറ തീരുമാനം. ബാങ്കിലെ ഭരണകാര്യങ്ങൾക്കായി പുതിയ നയം കൊണ്ടുവരും. അതിനു ശേഷമാകും നിക്ഷേപകരുടെ കാര്യത്തിലും മറ്റും തുടർ നടപടികളെടുക്കുക. ബാങ്കിെൻറ ബാധ്യത കണക്കാക്കുന്നതിനുള്ള നടപടികളും സഹകരണ വകുപ്പിൽ പുരോഗമിക്കുന്നുണ്ട്. ഇതിനായി മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാർട്ടിയെ ഏറെ കുരുക്കിലാക്കിയ സംഭവത്തിന് ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന വിമർശം സി.പി.എമ്മിൽ ഉയർന്നുകഴിഞ്ഞു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, ഇവര്‍ക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കാതിരുന്നതെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. വിഭാഗീയതതന്നെയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ഒരു വിഭാഗം പ്രതികൾക്ക് അനുകൂലമായി നിൽക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇ.ഡിയും ആദായ നികുതി വകുപ്പും വിശദാംശങ്ങൾ തേടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസിൽനിന്ന് വിശദാംശങ്ങൾ തേടി. ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നടപടി. സഹകരണ വകുപ്പ് പരിശോധനയിൽ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്ക് കടന്നേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത ബാങ്ക് ജീവനക്കാരും പ്രസിഡൻറും അടക്കമുള്ളവരെ ഇ.ഡിയും പ്രതിചേര്‍ത്തേക്കും.
ബാങ്കിെൻറ പേര് ഉപയോഗപ്പെടുത്തി റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ ഭീമമായ നിക്ഷേപമെത്തിക്കൽ, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവ തട്ടിപ്പിെൻറ ഭാഗമായിരുന്നുവെന്നാണ് കണ്ടെത്തൽ. മതിപ്പ് വിലയേക്കാൾ വൻ തുകക്ക് വായ്പയെടുത്തതുൾപ്പെടെ സഹകരണ വകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2014 മുതൽ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻ വർഷങ്ങളിലെ കണക്കുകളിലും പരിശോധന ഉണ്ടായേക്കും. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പണം കൈമാറിയെന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നു.
ഇതിന് പിന്നിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. തട്ടിപ്പിന് പങ്കുള്ളവര്‍ക്ക് തേക്കടിയില്‍ തേക്കടി റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റിസോര്‍ട്ടുണ്ടായിരുന്നു. കൂടാതെ വരവില്‍ കവിഞ്ഞ സ്വത്ത് ഇവര്‍ക്കുണ്ടായിരുന്നെന്നും വിവരമുണ്ട്. ബാങ്ക് വായ്പ, നിക്ഷേപ തട്ടിപ്പ് പണമുപയോഗിച്ചായിരുന്നു ഇതിൽ നിക്ഷേപമെന്നാണ് സംശയിക്കുന്നത്.
ആരോപണ വിധേയരായ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെക്കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
സഹകരണ വകുപ്പ് പുനഃസംഘടന അനിവാര്യം –കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ കോടികളുടെ വായ്പ തട്ടിപ്പുകൾക്ക് സമാനമായ തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സഹകരണ വകുപ്പ് പുനഃസംഘടന അനിവാര്യമാണെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ അഭിപ്രായപ്പെട്ടു. സഹകരണ വകുപ്പിനെ ശക്തിപ്പെടുത്താൻ സ്റ്റാഫ് പാറ്റേൺ പരിഷ്കരണം അനിവാര്യമാണ്. 1981ൽ അന്നത്തെ സഹകരണ സംഘങ്ങളുടെ എണ്ണവും വ്യാപാര വ്യാപ്തിയും കണക്കിലെടുത്ത് രൂപവത്കരിച്ച സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും പിന്തുടരുന്നത്.
ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് പോലെയുള്ളവ പുറത്തുകൊണ്ടുവരേണ്ട പരിശോധനയും ഓഡിറ്റും യഥാസമയം നടത്താൻ കഴിയുന്നില്ല. ജീവനക്കാർക്ക് കാലഘട്ടത്തിനനുസരിച്ച് ജോലിക്രമം നിശ്ചയിക്കുകയും ഓഡിറ്റ് കേഡറൈസേഷൻ നടപ്പാക്കുകയും ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കാര്യക്ഷമത കൈവരിക്കാൻ കഴിയൂ എന്നും സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് ഡോ. മനോജ് ജോൺസൺ, ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്, വി.എം. ഷൈൻ, ജി. ദിലീപ്, ആർ. ശിവകുമാർ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.