കുന്നംകുളം: പെരുമ്പിലാവിൽ ബൈക്കിലെത്തിയ പൊലീസുകാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ലഹരി മരുന്ന് മാഫിയ സംഘത്തിലെ മൂന്നുപേരെ കുന്നംകുളം നഗരത്തിൽനിന്ന് അതിസാഹസികമായി പൊലീസ് പിടികൂടി. പ്രതികളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചു.
കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (24), ചിറമനേങ്ങാട് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷമ്മാസ് (22), പെരുമണ്ണൂർ കപ്ലേങ്ങാട് കിരൺ (22) എന്നിവരെയാണ് സിഐ വി.സി. സൂരജും സംഘവും അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അക്ഷയ്. പരിക്കേറ്റ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹംന്ദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പെരുമ്പിലാവ് പാതാക്കരയിൽ പൊലീസുദ്യോഗസ്ഥനെ കഞ്ചാവ് മാഫിയ സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. കുന്നംകുളം സ്റ്റേഷനിലെ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അബു താഹിറിനുനേരെയായിരുന്നു ആക്രമണശ്രമം. വടിവാളുമായി 50 മീറ്ററോളം അക്രമിസംഘം പുറകെ ഓടിയെത്തിയെങ്കിലും പൊലീസുകാരൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് അക്രമികൾ പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളഞ്ഞു. തിങ്കളാഴ്ചയാണ് വടക്കാഞ്ചേരി റോഡിൽനിന്ന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്.
പാതാക്കരയിൽ പൊലീസിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് ശേഷം അക്രമികൾ കൊരട്ടിക്കരയിലെ ഒരു യുവാവിനെ വെട്ടി പരിക്കേൽപിച്ചിരുന്നു. കുന്നംകുളം, പെരുമ്പിലാവ് മേഖലയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയ സംഘങ്ങൾ തഴച്ചുവളരുന്നത് ജനങ്ങൾക്ക് ഭീഷണിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.