കുന്നംകുളം: കായികം ഹരമാക്കി മാറ്റിയ വല്ലച്ചിറയിലെ പുളിക്കല്‍ കുടുംബത്തിന്റെ വീട്ടുമുറ്റം ഇപ്പോൾ കളിക്കളമാണ്. പരിമിതികളോട് പടവെട്ടി കുടുംബത്തിലെ ഇളംതലമുറ ട്രാക്കില്‍നിന്ന് കൊയ്തെടുക്കുന്നത് ഭാവി പ്രതീക്ഷയുടെ സ്വർണങ്ങളാണ്. ജില്ല കായിക മേളയിൽ ഈ കുടുംബത്തിൽ നിന്നെത്തിയ കർണൻ ലോങ് ജംപിലും ട്രിപ്പിൽ ജംപിലുമായി ഇരട്ട സ്വർണം നേടി.
ട്രിപ്പിൽ ജംപിൽ അനിയൻ കിരൺ വെങ്കലവും കൊയ്തു. നാട്ടിലെ കേരളോത്സവത്തിലെ കായിക മത്സരങ്ങളില്‍നിന്ന് മിനുക്കിയെടുത്ത പ്രതിഭയാണ് കർണൻ. മക്കൾക്കുള്ളിൽ ഉറഞ്ഞ് കിടന്നിരുന്ന കായിക പ്രതിഭയെ വാര്‍ത്തെടുത്ത് സമ്പുഷ്ടമാക്കുന്നത് പിതാവ് സുനില്‍കുമാറാണ്. കഴിഞ്ഞ വര്‍ഷം ചേര്‍പ്പ് ഉപജില്ല കായികമേള മുതല്‍ കര്ണന് നേടി കൊണ്ടിരിക്കുന്ന മികവ് ജില്ല, സംസ്ഥാനതലങ്ങളിലും തുടരുകയാണ്. ഇക്കുറി ചേട്ടനൊപ്പം അനിയനും അനിയത്തിയും ഫീല്‍ഡിലിറങ്ങി.
വിവിധ വിഭാഗങ്ങളില്‍ വാശിയോടെ മത്സരിച്ചു. ചേട്ടന്റെ മികവിനടുത്ത് എത്താന്‍ സാധിച്ചില്ലെങ്കിലും അനിയനും ഒട്ടും മോശമാക്കിയില്ല. കര്ണന് പൊന്നണിഞ്ഞ ട്രിപ്പിള്‍ ജംപില്‍ അനിയന് കിരണ്‍ വെങ്കലം നേടി. വല്ലച്ചിറ സെന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാര്‍ഥികളാണ് ഇരുവരും. കർണൻ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിയാണ്.
സ്കൂളില്‍ വലിയ ഭൗതിക സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെങ്കിലും പിതാവ് വീട്ടില്‍ ഒരുക്കിയ പരിമിതമായ സൗകര്യങ്ങളിലാണ് പരിശീലനം നടത്തുന്നത്. അനുജത്തി കാജലും ഇക്കുറി കുന്നംകുളത്ത് കളത്തിലിറങ്ങി. മെഡല്‍ നേടിയില്ലെങ്കിലും മികവ് തെളിയിച്ചുവെന്ന് സഹോദരങ്ങൾ വ്യക്തമാക്കി. ഈ വിദ്യാർഥികൾക്ക് പിന്തുണയുമായി മാതാവ് സിമിയും മുത്തശ്ശിയും ചെറിയച്ഛനും നാട്ടുകാരും എല്ലാം കുന്നംകുളത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.