കുന്നംകുളം: സ്വന്തംഭൂമിക്ക് പട്ടയമെന്ന സ്വപ്നത്തിലേക്ക് കൂടുതലടുക്കുകയാണ് കുന്നംകുളം നിയോജക മണ്ഡലത്തിലെ ഇരുന്നുറോളം കുടുംബങ്ങൾ. പഞ്ചായത്ത് പുറമ്പോക്കുകളിലെ വീടുകള്‍ക്ക് ഇനി എളുപ്പത്തിൽ പട്ടയം ലഭ്യമാകും. പതിറ്റാണ്ടുകളായി പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ വീടുവെവച്ച് താമസിക്കുന്നവർക്ക് പട്ടയം ലഭ്യമാകുന്നതിനുള്ള തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കി.
പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള വഴി പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, മേച്ചിൽപുറങ്ങൾ, വണ്ടിത്താവളങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ പതിറ്റാണ്ടുകളായി വീടുവെച്ചു താമസിച്ചുവരുന്നവർക്ക് പട്ടയം നൽകാനുള്ള തടസ്സം നീക്കിയാണ് സർക്കാറിന്റെ പുതിയ ഉത്തരവ് ഇറങ്ങിയത്. ഇത്തരം ഭൂമിക്കു പട്ടയം നൽകുന്നതിലേക്കു മാത്രം സർക്കാറിന്റെ ഉടമസ്ഥതയിലാക്കുന്നതിന് വിജ്ഞ്ഞാപനം പുറപ്പെടുവിക്കാൻ കലക്ടർമാർക്ക് അധികാരം നൽകുന്നതായാണ് ഉത്തരവ്.
ഇത്തരം ഭൂമി പതിച്ചുനൽകാൻ അവയുടെ ഉടമസ്ഥത പഞ്ചായത്തിൽനിന്ന് റവന്യൂ വകുപ്പിലേക്കു മാറ്റി വിജ്ഞാപനം ഇറക്കേണ്ടി വരുന്നതായിരുന്നു നിലനിന്നിരുന്ന പ്രധാന തടസ്സം. ഇതിനുമുന്നോടിയായി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുക, തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ സർക്കാറിലേക്ക് ശിപാർശ തയാറാക്കി സമർപ്പിക്കുക, പിന്നീട് സർക്കാർ വിജ്ഞാപനം ഇറക്കുക എന്നിങ്ങനെ വർഷങ്ങൾ നീളുന്നതായിരുന്നു നടപടികൾ.
പുതിയ ഉത്തരവോടെ ഇത്തരം ഭൂമി കൈവശം വച്ചിട്ടുള്ള സംസ്ഥാനത്തെ ഇരുപതിനായിരത്തോളം പേർക്ക് പട്ടയം അനുവദിക്കാനാകും. സംസ്ഥാന പട്ടയ മിഷന്റെ ശുപാർശയുടെയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെയും അടിസ്ഥാനത്തിലാണു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.