കുന്നംകുളം: പോര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ മൂന്നുപേരെ കടിച്ച തെരുവുനായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പിടികൂടിയ തെരുവുനായെ മണ്ണുത്തി മൃഗാശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പോര്‍ക്കുളം മേഖലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന് കുത്തിവെപ്പ് നടത്തും. പേ വിഷബാധയുള്ള നായുടെ കടിയേറ്റതെന്ന് സംശയിക്കുന്ന മറ്റ് നായ്ക്കളെ നിരീക്ഷണത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭിന്നശേഷിക്കാരനായ ഒമ്പതു വയസ്സുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമാസക്തനായ നായെ പിന്നീട് പഞ്ചായത്തിന്റെ നിർദേശപ്രകാരം ഷെബീബ് കുന്നംകുളത്തിന്റെ നേതൃത്വത്തിൽ പിടികൂടി.
പിടികൂടിയ നായെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പുതന്നെ ചത്തതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ ഒമ്പത് വയസ്സുകാരന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരും പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.