മതിലകം: തീരമണ്ണിലെ വിജയകരമായ കുറുന്തോട്ടി വിപ്ലവം മൂന്നാം വർഷത്തിലേക്ക്. 15 ഏക്കറിൽ കുറുന്തോട്ടിക്ക് പുറമെ മഞ്ഞൾ, കസ്തൂരി മഞ്ഞൾ തുടങ്ങിയ ഔഷധ സസ്യങ്ങൾ വ്യാപകമായി കൃഷി ചെയ്യും. ഇതുവഴി ഏഴായിരത്തോളം തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം എട്ട് ഏക്കറിൽ വിജയകരമായി നടത്തിയ കുറുന്തോട്ടി കൃഷി സംസ്ഥാനതല ശ്രദ്ധ നേടിയിരുന്നു.
ഇതോടെ തൊഴിലുറപ്പ് തൊഴിലിന് വേറിട്ടൊരുമാനവും കൈവരിച്ചു. തൊഴിലാളികൾക്ക് 5000 തൊഴിൽ ദിനങ്ങളാണ് നൽകിയത്. ഇതോടെ ഈ കാർഷികരീതിക്ക് സംസ്ഥാനതലത്തിൽ ഏറെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കം കുറിക്കുകയും ഏകോപനപരമായ നേതൃത്വം നൽകി വരികയും ചെയ്യുന്ന മതിലകം പഞ്ചായത്ത് 16ാം വാർഡ് മെംബറും പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ഇ.കെ. ബിജു പറഞ്ഞു.
പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മതിലകം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പീച്ചി കെ.എഫ്.ആർ.ഐയുടെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കി വരുന്ന സുസ്ഥിര കാർഷികവികസന പദ്ധതിയാണ് കടൽതീരത്തോട് ചേർന്നാണ് ഔഷധ കൃഷി നടത്തിയത്. ഉദ്ഘാടനം ലോകപരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. കെ.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സുജനപാൽ പ്രഭാഷണം നടത്തി. മുൻവർഷത്തെ കാർഷിക ആദായം തൊഴിലുറപ്പ് തൊഴിലാളികൾക്കും കൃഷിക്ക് ഭൂമി വിട്ട് നൽകിയവർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഗിരിജ വിതരണം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ ട്രോഫികൾ സമ്മാനിച്ചു. കൃഷി അസി. ഡയറക്ടർ അനില, പഞ്ചായത്ത് സെക്രട്ടറി രാമദാസ്, വൈസ് പ്രസിഡന്റ് ടി.എസ്. രാജു പഞ്ചായത്ത് അംഗങ്ങളായ ഒ.എ. ജെൻട്രിൻ, പ്രേമാനന്ദൻ, പ്രിയ ഹരി ലാൽ, കെ.കെ. സഗീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.