തൃശൂർ: കേരളത്തിൽ നാട്ടാനകളുടെ കൂട്ടമരണം. ഈ വർഷം ഒമ്പത് മാസത്തിനുള്ളിൽ കേരളത്തിൽ ചെരിഞ്ഞത് 17 നാട്ടാനകളാണ്. ഒരു മാസത്തിനുള്ളിൽ അഞ്ച് നാട്ടാനകളാണ് ചെരിഞ്ഞത്. തൃശൂരിൽ വട്ടണാത്രയിൽ ചികിൽസയിലായിരുന്ന കൊമ്പൻ തൃശിവപേരൂർ കർണനാണ് തിങ്കളാഴ്ച ചെരിഞ്ഞത്.
2018 നവംബറിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം നടത്തിയ കണക്കെടുപ്പ് പ്രകാരം 521 നാട്ടാനകളുണ്ടായിരുന്നു. എന്നാൽ 2019ലും 2020ലും 20 വീതവും 2021ൽ 29ഉം കെട്ടിയിട്ട സ്ഥലത്ത് വെച്ച് തന്നെ ചെരിഞ്ഞു. ഈ വർഷം 16 ആനകൾ ചെരിഞ്ഞതിൽ ഏറ്റവും കൂടുതൽ ചെരിഞ്ഞത് തൃശൂർ ജില്ലയിലാണ്; എട്ട് ആനകൾ.
പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതവും കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോന്ന് വീതവുമാണ് ചെരിഞ്ഞത്. സെപ്റ്റംബർ നാലിന് കുന്നംകുളം ഗണേശൻ, 22ന് കോട്ടയത്ത് ഉഷശ്രീ ദുർഗാപ്രസാദ്, 26ന് ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ, 27ന് പാലക്കാട് കുറുവട്ടൂർ വിഘ്നേഷ്, ഒക്ടോബർ മൂന്നിന് തൃശൂരിൽ വട്ടണാത്ര തൃശിവപേരൂർ കർണൻ എന്നിവയാണ് ഒരു മാസത്തിനുള്ളിൽ ചെരിഞ്ഞത്. എല്ലാ ആനകളും ചികിൽസയിലിരിക്കെയാണ് ചെരിയുന്നതും.
നാട്ടാനകളുടെ കൂട്ടമരണം ഗൗരവകരമാണെന്നും അന്വേഷണം വേണമെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് അടക്കമുള്ള ആനപ്രേമി പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.
ആന ഉടമകളും ഉത്സവ സംഘാടകരുമാകട്ടെ ആനകളെ ഇതര സംസ്ഥാനത്ത് നിന്നു എത്തിക്കാൻ അനുമതി നൽകണമെന്നും ഉൽസവ എഴുന്നള്ളിപ്പുകളിൽ ആനകളുടെ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
നാട്ടാനകളെ സംരക്ഷിക്കാൻ 2015ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് വനംവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്നും ഇത് സംബന്ധിച്ച് അന്വേഷണത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു.
ആമ്പല്ലൂർ: ആകാര ഭംഗിയും തലയെടുപ്പും കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്ന കൊമ്പൻ തൃശിവപേരൂർ കർണൻ (47) ചെരിഞ്ഞു. 15 ദിവസമായി വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിത്സയിലായിരുന്നു. മദപ്പാടിന്റെ അവസാന ഘട്ടത്തിലാണ് അസുഖം ബാധിച്ചത്.
ആമ്പല്ലൂർ പറങ്ങോടത്ത് രതീഷ്, വട്ടണാത്ര കുന്നത്ത് ശ്രീനാഥ് എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. കാലടിയിൽ നിന്ന് നാല് വർഷം മുമ്പാണ് വട്ടണാത്രയിലേക്ക് കൊണ്ടുവന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെ സാന്നിധ്യമായിരുന്ന കർണൻ ആനപ്രേമികളുടെ ഹരമായിരുന്നു. സംസ്കാരം കോടനാട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.