മതിലകം: ഒരു ജനതയുടെ ചിരകാല അഭിലാഷമായിരുന്നു മതിലകം പാലം. കൃത്യമായി പറഞ്ഞാൽ സ്വാതന്ത്ര്യത്തിന് മുമ്പേ ഉയർന്നുവന്ന ജനകീയ ആവശ്യം.പതിറ്റാണ്ടുകൾ നീണ്ട സമര പോരാട്ടത്തിനൊടുവിൽ കനോലിക്ക് കുറുകെ പാലം യാഥാർഥ്യമായപ്പോൾ ആഹ്ലാദ തിമിർപ്പിലായ നാട്ടുകാർക്കിടയിൽ അഭിമാനപൂർവം തലയുയർത്തി നിന്ന പൊതു വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ആന്റോ വർഗീസ് മാസ്റ്റർ.
മുസ്ലിം ലീഗ് നേതാവായിരുന്ന പുതിയകാവിലെ പരേതനായ എം.ബി. കുഞ്ഞബ്ദുല്ല ഹാജിയാണ് മറ്റൊരു വ്യക്തിത്വം. ഇവരുടെയെല്ലാം നേതൃത്വത്തിൽ പാലം ആക്ഷൻ കൗൺസിൽ നടത്തിയ നിരന്തര പ്രയത്നനത്തിനൊടുവിലാണ് മതിലകം പാലം യാഥാർഥ്യമായത്.
മതിലകം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുവ്വത്തും കടവിൽ പാലം നിലവിൽ വന്ന ശേഷമാണ് അതേ വാർഡിൽ മതിലകത്തും പാലം അനുവദിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.കെ.കെ. ബാവയിൽ എം.ബി. കുഞ്ഞബ്ദുല്ല ഹാജിക്ക് ഉണ്ടായിരുന്ന സ്വാധീനവും ആന്റോ വർഗീസ് മാസ്റ്ററുടെ കർമ കുശലമായ ചുവടുകളുമായിരുന്നു ഇതിന് കാരണം. കോൺഗ്രസ് രാഷ്ടീയത്തിലൂടെ പൊതുരംഗത്ത് ഉയർന്നു വന്ന ആന്റോ രാഷ്ട്രീയത്തിന് അതീതമായി അംഗീകാരം നേടിയ നേതാവായിരുന്നു. മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന ആന്റോ മാസ്റ്റർ ആദർശ ധീരതയും നേതൃത്വഗുണവുമുള്ള സംശുദ്ധവ്യക്തിത്വമെന്ന നിലയിലും അണികൾക്കിടയിൽ സ്വീകാര്യനായിരുന്നു.
1975ൽ കെ.പി.സി.സി സംസ്ഥാന തലത്തിൽ രൂപവത്കരിച്ച ആറംഗ യൂത്ത് കോൺഗ്രസ് സമിതിയിൽ തൃശൂർ ജില്ലയിൽനിന്ന് വി.എം. സുധീരനോടൊപ്പം ഇടം നേടിയ യുവനേതാവാണ്. യൂത്ത് കോൺഗ്രസിൽ സംസ്ഥാന ഭാരവാഹിത്വം വരെ വഹിച്ചീട്ടുണ്ട്. കോൺഗ്രസിലും വിവിധ സ്ഥാനങ്ങളിലുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയാണ് മാതൃക നേതാവ്.
1971ൽ പാപ്പിനിവട്ടം ബാങ്ക് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിനെ നയിച്ച് വിജയിച്ച് പ്രസിഡന്റായി. ഹിന്ദി പ്രചാര സഭയിലും കർമനിരതനായിരുന്നു. 1970-78 കാലയളവിൽ വൈ.എം.സി.യുടെ സെക്രട്ടറിയായിരുന്നു. എടവിലങ്ങിലെ ചരിത്ര പ്രസിദ്ധമായ പതിനെട്ടരയാളത്ത് ഒളാട്ടുപുറം കുടുംബത്തിൽ ജനിച്ച ആന്റോ മാസ്റ്റർ കർമമണ്ഡലവും താമസവും ഇരിങ്ങാലക്കുടയിലേക്ക് മാറിയപ്പോഴും മതിലകവുമായുള്ള ആത്മബന്ധം നിലനിർത്തിയിരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മതിലകം പാലം. ഇരിഞ്ഞാലക്കുടയുടെ പൊതുരംഗത്തും സജീവമായിരുന്ന മാസ്റ്റർ ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ജൻമിത്വത്തിനെതിരെ സമരങ്ങൾ നയിച്ചിട്ടുണ്ട്. ശ്രദ്ധയിജന്മം എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.