അന്തിക്കാട്: കട തുടങ്ങി ആദ്യദിനത്തിൽ ലഭിച്ചത് 8000 രൂപ. ഡൗൺസിൻഡ്രം ബാധിച്ച അന്തിക്കാട് സ്വദേശി ഹണി എന്ന ഭിന്നശേഷിക്കാരന് സ്വന്തമായി ജോലിചെയ്ത് സമ്പാദ്യം ഉണ്ടാക്കി മാതാപിതാക്കളെ സംരക്ഷിക്കണം എന്നാണ് താൽപര്യം. ഇതിനായി വീടിന് മുൻവശത്ത് ഒരു കട തുടങ്ങിയിരിക്കുകയാണ്. ഭിന്നശേഷിക്കാരൻ എന്നത് വെറും ഒരു പ്രയോഗം മാത്രമെന്ന് ഹണി എന്ന നാല്പതുകാരനെ അറിയുന്നവർ പറയും. അന്തിക്കാട് പടിയം സ്വദേശികളായ കല്ലാറ്റ് ഭരതന്റെയും ഉഷയുടെയും മകനാണ് ഹണി.
വിഭിന്നമായ ചിന്തകളാണ് ഹണിയെ മുന്നോട്ടുനയിക്കുന്നത്. ശബ്ദാനുകരണം, ജ്യോതിഷ വിഷയങ്ങൾ, കൃഷി, ഗൃഹപരിപാലനം എന്നിവ ജീവിതചര്യയായാണ്. ഹണിയെ മുന്നോട്ട് നയിക്കുന്നതും ഇവയൊക്കെയാണ്. എന്തിലും വ്യതസ്തതയും സമൂഹനന്മയും വേണമെന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഓരോ നിമിഷവും നീങ്ങുന്നത്. മാതാപിതാകളുടെ കാലം കഴിഞ്ഞാൽ പരസഹായമില്ലാതെ ജീവിക്കാൻ സ്വന്തമായി വരുമാനം വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് നാളുകളായി. അന്തിക്കാടുള്ള സാന്ത്വനം സ്പെഷൽ സ്കൂളിലെ വിദ്യാർഥിയായ ഹണി ഓണം അവധിയിൽ തനിക്ക് ഒരു കച്ചവടം തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ഹണിയുടെ എല്ലാകാര്യത്തിനും കൂടെ നിൽക്കുന്ന ഭരതനും ഉഷയും വീടിന്റെ ഉമ്മറത്ത് പലചരക്കും അനുബന്ധസാമഗ്രികളും ഒരു മിനി സ്റ്റോർ ഒരുക്കി നൽകി. ഓണാവധി കഴിയും വരെ മുഴുവൻ സമയവും പഠനം ആരംഭിച്ചാൽ സ്കൂൾ വിട്ടുവന്നശേഷം ബാക്കി സമയവും ഹണി ‘കച്ചവടക്കാരൻ’ ആകും. സോപ്പ്, മസാലപ്പൊടികൾ, ചായല തുടങ്ങി എല്ലാ സാധനങ്ങളും ഹണി ഇപ്പോൾ വിൽക്കുന്നു. ഓണത്തിന് മുന്നോടിയായി പൂരാട ദിവസത്തിലാണ് ഹണിയുടെ കച്ചവടം ആരംഭിച്ചത്. ഉത്രാട ദിനത്തിലും അത്യാവശ്യം ആളുകൾ കടയിലെത്തി സാധനങ്ങൾ വാങ്ങി. വീടിന്റെ തൊട്ട് മുമ്പിൽ ഒരു പെട്ടിക്കട തുടങ്ങി കച്ചവടം അവിടേക്ക് മാറ്റണം എന്നാണ് ഹണിയുടെ ആഗ്രഹം. ഇതിനുള്ള സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും എന്ന് അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.