തൃശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ മന്ത്രി കെ. രാജൻ. തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ കുതിരാൻ സന്ദർശിച്ചതായിരുന്നു മന്ത്രി. കലക്ടർ ഹരിത വി. കുമാർ, നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
തുരങ്കത്തിന്‍റെ പണി വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ സർക്കാർ പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കം തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥർ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
തുരങ്ക നിർമാണത്തിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായാണ് ഓരോ പ്രവർത്തനങ്ങളും മുന്നോട്ടു പോയിട്ടുള്ളത്. ഡ്രൈനേജ് സംവിധാനം, ഫയർ ആൻറ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. മുകളിലുള്ള മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കും. വനം വകുപ്പിൻ്റെ അനുമതിയോടെ തന്നെ അവിടെ ഭീഷണിയായി നിൽക്കുന്ന രണ്ട് മരങ്ങൾ മുറിക്കാൻ ധാരണയായിട്ടുണ്ട്. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.
കുതിരാൻ തുറക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു പാലിക്കുന്നതിൽ ലംഘനമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻപിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. സ്ഥലമേറ്റെടുക്കലിൻ്റെ ആവശ്യം ഇനിയുണ്ടെങ്കിൽ കലക്ടർ രേഖാമൂലം കത്തു നൽകിയാൽ സർക്കാർ അതു പരിഗണിക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
ഫയർ ആൻ്റ് സേഫ്റ്റി പ്രവർത്തനങ്ങളും ഡ്രൈനേജ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളും റവന്യൂ മന്ത്രിയും കലക്ടറും നേരിട്ട് വിലയിരുത്തി. പാണഞ്ചേരി പഞ്ചായത്തംഗങ്ങൾ, റവന്യൂ വകുപ്പ്, വനം വകുപ്പ്, ഫയർ ആൻറ് സേഫ്റ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.