അരിമ്പൂർ: വാർധക്യത്തിൽ മിണ്ടാനും പറയാനും ആരുമില്ലെന്ന തോന്നൽ ഇനി വേണ്ട. കരുതലായി എന്നും അരിമ്പൂർ ഗ്രാമം കൂടെയുണ്ട്. വയോജന സൗഹാർദത്തിനായി ‘സുസ്വനം വയോ കാളിങ് സിസ്റ്റം’ പദ്ധതിയിലൂടെ സ്വാതന്ത്ര്യ സന്ദേശം നൽകുകയാണ് അരിമ്പൂർ ഗ്രാമപഞ്ചായത്ത്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തി മാതൃക സന്ദേശമൊരുക്കുന്ന സുസ്വനം പദ്ധതിയുടെയും പഞ്ചായത്തിന് മുന്നിൽ ഗാന്ധി സ്മൃതികൾക്കായി സ്ഥാപിച്ച ഗാന്ധിജി പ്രതിമയുടെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു.
വയോജനങ്ങൾ ഓരോരുത്തരെയും ടെലിഫോൺ വഴി വിളിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കുക, മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു കൂട്ടാവുക, ഓരോ വ്യക്തിയുടെയും പ്രശ്നങ്ങളെ സമഗ്രമായി മനസ്സിലാക്കി പ്രശ്ന പരിഹരണം നടത്തുക, ആവശ്യമായ കൗൺസലിങ്ങും കൂട്ടിരിപ്പ് പരിചരണ സൗകര്യം ഒരുക്കുകയും തുടങ്ങി ഓരോവ്യക്തിയും അനുഭവിക്കുന്ന മനോപ്രശ്നങ്ങൾക്ക് വേണ്ട വിധത്തിൽ മാർഗങ്ങളൊരുക്കി വയോ സൗഹൃദം ഉറപ്പുവരുത്തുന്നതാണ് പദ്ധതി.
വയോജന സൗഹാർദ നാടിനായി മുഴുവൻ വയോജനങ്ങളെയും ഉൾക്കൊള്ളിച്ച് വ്യക്തിഗത പരിപാലന പരിപാടിയുടെ ഭാഗമായാണ് സുസ്വനം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 5012 വയോജനങ്ങളെ സർവേ വഴി കണ്ടെത്തിയതിൽ ഒറ്റക്ക് താമസിക്കുന്നതും ഒറ്റപ്പെടലുള്ളവരുമായ 298 പേരെ നിലവിൽ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരെ ചുമതലപ്പെടുത്തിയ വളന്റിയർമാർ ഫോണിൽ വിളിച്ച് സംസാരിക്കും. നിലവിൽ 30 പേർ റിസോഴ്സ് പേഴ്സൻമാരായി സേവനം നടത്തുന്നുണ്ട്. ആയിരം വളന്റിയർമാരെ പ്രാദേശിക തലത്തിൽ ഒരുക്കുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ സുസ്വനം പദ്ധതിയുടെ ആദ്യ കാൾ വിളിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വികസന സ്ഥിരംസമിതി അധ്യക്ഷ സിന്ധു സഹദേവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അസി. സെക്രട്ടറി റെസി എന്നിവർ സംസാരിച്ചു. വയോജന കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.