തൃശൂർ: അടച്ചുപൂട്ടിയ കോവിഡ് രണ്ടാം തരംഗത്തിനിടെ സ്കൂൾ തറന്നതിനാൽ വെള്ളം കുടിച്ച് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും. ലോക്ഡൗണും ട്രിപ്ൾ ലോക്ഡൗണും അതിനിയന്ത്രണങ്ങളും തീർത്ത സാഹചര്യത്തിൽ ശാസ്ത്രീയമായ നടപടികൾ ഇല്ലാത്തതിനാൽ ജില്ല വിദ്യാഭ്യാസ അധികൃതർ അടക്കം വലയുകയാണ്. ഒരു ഭാഗത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പഠന പശ്ചാത്തല അസൗകര്യത്താൽ വീർപ്പുമുട്ടുകയാണ് കുട്ടികൾ. വിക്ടേഴ്സിലും കൈറ്റിലും ബ്രിഡ്ജ് കോഴ്സുകളാണ് ആദ്യം കുട്ടികൾ പഠിക്കേണ്ടത്. എന്നാൽ, ഇതിന് കുട്ടികളിൽ പലർക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ട്. ഇക്കാര്യത്തിൽ പരിഹാരം എന്തെന്ന വിഷയത്തിൽ സർക്കാർ വ്യക്തതയുള്ള നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇത്തരം സംവിധാനങ്ങൾ ഇല്ലാത്തവർക്ക് അവ വാങ്ങി നൽകിയാൽ തന്നെ അവക്ക് ആവശ്യമായ ഡിജിറ്റൽ കണക്റ്റിവിറ്റി വേണ്ടതുണ്ട്. സർക്കാറിെൻറ കെ ഫോൺ കണക്റ്റിവിറ്റി ഇതുവരെ പുലർന്നിട്ടില്ല. വിവിധ ഇൻറർനെറ്റ് ദാതാക്കളുമായി സർക്കാർ ഇതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണ്. ജില്ലയുടെ തീരമേഖലകളിലും മലയോര മേഖലകളിലും പ്രശ്നം രൂക്ഷമാണ്. നഗര പ്രദേശങ്ങളിൽ മാത്രമാണ് പ്രശ്ന രഹിതമായ സാഹചര്യമുള്ളത്. മഴക്കാലമായതിനാൽ ഉള്ളത് തന്നെ ഇല്ലാതാവുന്നതിനുള്ള സാധ്യതയും ഏറെയാണ്.
ലോക്ഡൗണിന് പിന്നാലെ അനുകൂല സാഹചര്യം ഒരുക്കി ഡിജിറ്റൽ തുറക്കൽ മതിയായിരുന്നില്ലേ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. പാഠപസ്തകങ്ങൾ കുട്ടികൾക്ക് എത്തിക്കാനാവാത്ത ലോക്ഡൗൺ പ്രതിസന്ധിയും ഒപ്പമുണ്ട്. പണി ഇല്ലാതെ നട്ടം തിരിയുന്ന രക്ഷിതാക്കൾക്ക് നോട്ട്ബുക്ക് അടക്കം വാങ്ങി നൽകാനാവാത്ത സാഹചര്യം കൂടിയുണ്ട്. എന്നാൽ സ്കൂൾ കുട്ടികൾക്ക് നൽകുന്ന കിറ്റ് സാധാരണ കുടുംബത്തിന് ഏറെ ആശ്വാസകരമാണ്.
കഴിഞ്ഞ അധ്യയന വർഷം 12,000ത്തിൽ അധികം സ്മാർട്ട് ഫോണുകളും 8000ത്തിൽ ഏറെ ടി.വിയുമാണ് സ്കൂൾ കുട്ടികൾക്കായി ജില്ല അധികൃതർ പഠനാവശ്യത്തിനായി ഔദ്യോഗികമായി നൽകിയത്. സന്നദ്ധ സംഘടനകളും ഇതര സംരംഭങ്ങളുമായി നൽകിയത് ഇതിൽ അധികം വരും. അതുകൊണ്ട് തന്നെ ഇക്കുറി ജില്ലതലത്തിൽ ഇത്തരമൊരു വിതരണം നടത്തേണ്ടതില്ലെന്നാണ് കലക്ടർ എസ്. ഷാനവാസിെൻറ നേതൃത്വത്തിൽ ഞായറാഴ്ച കൂടിയ യോഗ തീരുമാനം. ഫോൺ ഇല്ലാത്ത കുട്ടികൾക്ക് സ്കൂളുകൾ പ്രാദേശികമായി ഇവ കെണ്ടത്തണം.
ഒരു സ്കൂളിൽ പത്തു കുട്ടികൾക്ക്, കൂടി വന്നാൽ 15 പേർക്ക് മാത്രമേ ഇവ വേണ്ടിവരുകയുള്ളൂ എന്നാണ് യോഗ വിലയിരുത്തൽ. തദ്ദേശ സ്ഥാപന പ്രതിനിധി, പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, സന്നദ്ധ സംഘടനകൾ എന്നിവ ഉപയോഗപ്പെടുത്തി ഇവ കണ്ടെത്തണമെന്നാണ് യോഗം തീരുമാനിച്ചത്. സ്മാർട്ട് ഫോണും ടി.വിയുമില്ലെന്ന് അധ്യാപകർ നടത്തിയ സർവേയിൽ വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞത് പൂർണമായി ശരിയല്ലെന്ന നിലപാടാണ് ജില്ല വിദ്യാഭ്യാസ അധികൃതർക്കുള്ളത്.
തദ്ദേശ സ്ഥാപനങ്ങൾ മുഖേന വീണ്ടുമൊരു സർവേ നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അധികൃതരുടെ ശ്രമം. ഇതിന് ഇനിയും സമയം വേണ്ടിവരും. കഴിഞ്ഞ തവണ ആദ്യത്തിൽ അധ്യാപകർ നടത്തിയ സർവേയിൽ പതിനായിരത്തിൽ അധികം കുട്ടികളെയാണ് ഡിജിറ്റൽ പഠന സൗകര്യമില്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയത്.
ഇതുതന്നെ തദ്ദേശ സ്ഥാപന പ്രതിനിധികൾ പരിശോധന നടത്തിയപ്പോൾ എണ്ണായിരത്തോളമായി കുറഞ്ഞിരുന്നു. കിട്ടിയ അനുകൂല സാഹചര്യം നന്നായി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ മന്ത്രിയെ വരെ വിളിച്ച് ഫോൺ തരപ്പെടുത്താൻ ശ്രമിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാൽ തികച്ചും അർഹരായവരെ കണ്ടെത്താൻ ജനപ്രതിനിധികൾക്ക് മാത്രമേ സാധ്യമാവൂ എന്ന നിലപാടാണ് യോഗത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.