തൃപ്രയാർ: പ്രധാന റോഡുകളിലെ പൊളിച്ച പാലങ്ങൾക്ക് പകരം വഴിയൊരുക്കാത്തത് യാത്രികർക്ക് ദുരിതമായിരിക്കുകയാണ്. തൃപ്രയാറിൽനിന്ന് തൃശൂരിലേക്കുള്ള ആലപ്പാട് പുള്ളു വഴിയും ചേർപ്പു വഴിയുമുള്ള പ്രധാന റോഡുകളിലെ രണ്ടു പാലങ്ങളാണ് നവീകരണത്തിനായി പൊളിച്ചത്.
പുള്ളു റോഡിൽ പാലം പൊളിച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. ചേർപ്പുവഴിയുള റോഡിൽ ചിറക്കൽ പാലമാണ് പൊളിച്ചത്. ഇവിടെ താത്കാലിക ബണ്ടു നിർമിച്ച് ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുമുണ്ട്.
ഇതാകട്ടെ കുഴികളോടുകൂടി അപകടകരമായ രണ്ടു ഇടുങ്ങിയ വളവുകളുള്ളതുമാണ്.
ഇതിലൂടെയുള്ള വാഹന യാത്ര ഞാണിന്മേൽ കളിയാണ്. ഭാരവാഹനങ്ങൾ നിരോധിച്ച വലിയബോർഡുകൾ ഇരുകരകളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ നിർബാധം കടന്നുപോകുന്നുണ്ട്. അപകടം സംഭവിച്ചാൽ അധികൃതർക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴികളാണ് സൂചന ബോർഡുകൾ.
പൊളിച്ചിട്ട പാലങ്ങൾക്ക് പടിഞ്ഞാറ് ദേശീയപാത-66 അടക്കമുള്ള പ്രദേശങ്ങളിൽ വാഹനാപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോൾ തൃശൂരിലെ ആശുപത്രിയിലേക്കെത്തിക്കാൻ വലിയ ബുദ്ധിമുട്ടാണിപ്പോൾ. ഇതുമൂലം മരണം പോലും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടൂർ മുനയത്ത് നെഞ്ചുവേദന മൂലം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ചിറക്കലുണ്ടായ ഗതാഗത തടസം മൂലം രോഗി മരിക്കാനിടയായിരുന്നു.
ആശുപത്രിയിലെത്താൻ സമയംവൈകിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചിറയ്ക്കൽ താത്കാലികപാലത്തിന്റെ ദുർഘടാവസ്ഥ മൂലം ആംബുലൻസ് സർവിസുകൾ പോലും ഇതുവഴി വരാതെ വാടനപ്പള്ളി, കാഞ്ഞാണി വഴിയാണ് തൃശൂരിലേക്ക് പോകുന്നത്.
ചിറക്കലിലെ താത്കാലിക ബണ്ട് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.