തൃശൂർ: ജൂലൈ 25 മുതൽ 29 വരെയുളള ദിവസങ്ങളിൽ പീച്ചി ഡാം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിൽ ഉണ്ടായ വീഴ്ച മൂലം അഖിൽ എന്ന യുവാവ് മരിക്കാൻ ഇടയായതിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറുടെ അനുമതിയില്ലാതെ ഡാം ഷട്ടറുകൾ 72 ഇഞ്ച് തുറന്ന് വൻതോതിൽ നാശനഷ്ടം ഉണ്ടായതിലും നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് പരാതി നൽകിയത്. ഒല്ലൂർ പൊലീസ് അസിസ്റ്റന്റ് കമീഷണർ അഡ്വ. ഷാജിയുടെ മൊഴിയെടുത്തു.
കനത്ത മഴയിൽ റൂൾ കർവിന് മുകളിൽ വെള്ളം ഉയർന്നിട്ടും 26, 27, 28 തീയതികളിലും 29ന് പകൽ സമയത്തും ഷട്ടറുകൾ മനഃപൂർവം തുറന്നില്ലെന്നും നീരൊഴുക്ക് അനിയന്ത്രിതമായതോടെ ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതിന്റെ ഫലമായി കൈനൂരിലുണ്ടായ വെള്ളപ്പാച്ചിലിൽപ്പെട്ട് അഖിൽ എന്ന യുവാവ് മരിച്ചതും പരാതിയിൽ ഉന്നയിച്ചിരുന്നു.
കർഷകരും വ്യവസായികളും തൊഴിൽശാല നടത്തിപ്പുകാരും വീട്ടുകാരും അടക്കമുള്ളവർ ജലക്കെടുതി അനുഭവിക്കുകയും 100 കോടി രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു. കുറ്റക്കാർക്കെതിരൈ നടപടി ആവശ്യപ്പെട്ട് പീച്ചി പൊലീസിനും സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് അഡ്വ. ഷാജി ഡി.ജി.പിക്ക് പരാതി നൽകിയത്. വ്യവസ്ഥ ലംഘിച്ച് ഡാം തുറന്നതുമൂലം ഉണ്ടായ വിപത്തുകൾ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ വിവരിച്ചിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് തൃശൂർ കലക്ടറുടെ നിർദേശപ്രകാരമാണ് സബ് കലക്ടർ അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.