ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ല; കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല -കെ. സുധാകരൻ

തൃശൂർ: ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കെ റെയിലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുധാകരൻ.

കെ റെയിൽ ഇടതുപക്ഷം ആലോചിക്കുന്നതിന് മുമ്പ് യു.ഡി.എഫ് ആലോചിച്ചതാണ്. പാരിസ്ഥിതിക സാമൂഹിക ആഘാതവും സാമൂഹ്യാഘാതവും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണ്ടെത്തിയതിനെ തുടർന്ന് യു.ഡി.എഫ് സർക്കാർ മുൻപ് വേണ്ടെന്ന് വെച്ച പദ്ധതിയാണ് കെ റെയിൽ. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക ബാധ്യത കൊണ്ട് തീർക്കാവുന്ന ബദൽ പദ്ധതി യു.ഡി.എഫ് മുന്നോട്ട് വെച്ചത്. 

നാടിനെ മതിൽ കെട്ടി വിഭജിച്ച് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികാഘാതവുമുണ്ടാക്കുന്നതല്ല. ജനങ്ങൾക്കാവശ്യമുള്ളതാകണം വികസനം. അല്ലാതെ കമ്മീഷനടിക്കാനുള്ളതാവരുത്. കമീഷനിൽ ഡോക്ടറേറ് വാങ്ങിയ ആളാണ് പിണറായി വിജയനെന്നും അതിനാണ് തിരക്ക് പിടിച്ചും വ്യാപക എതിർപ്പുകളുയർന്നിട്ടും കെ- റെയിൽ നടപ്പാക്കുമെന്ന് വാശിപിടിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. 

ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ഐ. ജേക്കബ്സൺ, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

ജയരാജന് കണ്ണൂരിലെ കെ.എസ്.യുക്കാർ മറുപടി നൽകും -കെ.സുധാകരൻ

തൃശൂർ: കെ റെയിൽ അതിരുകല്ല് പിഴുതെറിയാനെത്തുന്നവരുടെ പല്ല് സൂക്ഷിക്കണമെന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ മുന്നറിയിപ്പിന് കണ്ണൂരിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമെന്ന് കെ. സുധാകരൻ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കെ റെയിലിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. പിണറായിക്ക് ലക്ഷ്യം കമീഷനാണ്. അവസാന ശ്വാസം വരെ കെ റെയിൽ പദ്ധതിക്കെതിരെ പോരാടുമെന്നും സുധാകരൻ പറഞ്ഞു.

ഗവർണർക്ക് നട്ടെല്ലുണ്ടെങ്കിൽ കേരള സർവകലാശാല വി.സിയെ പുറത്താക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകണമെങ്കിൽ ഗവർണർ രേഖാമൂലം നിർദ്ദേശം നൽകണമായിരുന്നു. വാക്കാൽ ഉത്തരവ് നൽകിയത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - People cannot be defeated by arrogance; K Rail will not be allowed to run -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.