തൃശൂർ: മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടറെ ബന്ദിയാക്കിയെന്ന കേസിൽ പ്രായമായവരും 30ലധികം സ്ത്രീകളും വർഷങ്ങളായി കോടതി കയറിയറങ്ങി അനുഭവിച്ച യാതനക്ക് പര്യവസാനം. കേസിൽ പ്രതിസ്ഥാനത്തുള്ള എല്ലാവരെയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. 2015ൽ ഉണ്ടായ സംഭവത്തിന് പിന്നാലെയുണ്ടായ കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കുവേണ്ടി നിയമപോരാട്ടം നടത്തിയത് കെ.പി.സി.സി സെക്രട്ടറി കൂടിയായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ്. കേസ് നടപടികൾ അവസാനിച്ചതിന്റെ സന്തോഷം അഭിഭാഷകനെ കോടതി വളപ്പിൽതന്നെ പൊന്നാട അണിയിച്ചും മധുരം നൽകിയുമാണ് അവർ ആഘോഷിച്ചത്. ഇത്രയധികം പേർ പ്രതിസ്ഥാനത്ത് വരുന്ന കേസെന്ന അപൂർവതയും ഇതിനുണ്ട്.
മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി 2015ൽ കലക്ടറുടെ ചേംബർ മുന്നറിയിപ്പില്ലാതെ ഉപരോധിച്ചെന്നതിന്റെ പേരിൽ മലയോര സംരക്ഷണ സമിതി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. യുവതികൾ അടക്കമുള്ള സ്ത്രീകളും വയോധികരും പ്രതി ചേർക്കപ്പെട്ടു. രാത്രി വൈകുംവരെ നീണ്ട ഉപരോധം കാരണം കലക്ടറെ പിൻവാതിലിലൂടെ പുറത്ത് എത്തിക്കേണ്ടി വന്നിരുന്നു. പ്രതിഷേധക്കാരെ അർധരാത്രി ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഒല്ലൂർ മണ്ഡലത്തിലെ മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015 ആഗസ്റ്റ് ഏഴിനാണ് കലക്ടർ എസ്. ഷാനവാസിന്റെ ചേംബർ ഉപരോധിച്ചത്. അഞ്ച് ദിവസം ഈ ആവശ്യം ഉന്നയിച്ച് മലയോര സംരക്ഷണ സമിതി നടത്തിവന്ന സമരത്തിന്റെ പരിസമാപ്തിയായിരുന്നു ഉപരോധം. കലക്ടറേറ്റിലെ ഓഫിസുകളുടെ പ്രവൃത്തി സമയം അവസാനിക്കാറായ വൈകുന്നേരത്തോടെ എണ്ണൂറോളം പ്രവർത്തകരാണ് തള്ളിക്കയറിയത്. ചേംബറിനുള്ളിൽ ജീവനക്കാർ ഇരിക്കുന്ന മുറിയിൽ കയറി സമരക്കാർ വാതിൽ ഉള്ളിൽനിന്ന് പൂട്ടി. ഇതോടെ കലക്ടർ പുറത്തിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി. പട്ടയം ലഭിക്കുംവരെ കലക്ടറെ പുറത്തിറങ്ങാൻ അനുവദിക്കില്ല എന്നായിരുന്നു നിലപാട്.
പൊലീസ് കടുത്ത നടപടിക്ക് മുതിർന്നില്ല. മൂന്നുമണിക്കൂർ കഴിഞ്ഞാണ് ചേംബറിന്റെ പിൻവാതിൽ തുറന്ന് കലക്ടറെ പൊലീസ് പുറത്തെത്തിച്ചത്. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മൂന്ന് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി വെട്ടുകാട് ഭാഗത്ത് ഇറക്കിവിട്ടു. തനിക്ക് പരാതിയില്ലെന്ന് കലക്ടർ നിലപാടെടുത്തതാണ് കേസിൽ നിർണായകമായത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. അഡ്വ. ഷാജിക്കൊപ്പം അഡ്വ. വിജി ചാക്കോയും പ്രതി ചേർക്കപ്പെട്ടവർക്കായി ഹാജരായി. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് മജിസ്ട്രേറ്റ് ഇന്ദു പി. രാജ് എല്ലാവരെയും വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.