തൃശൂര്‍: പൂരനഗരിയെ ആവേശത്തില്‍ ആറാടിക്കാന്‍ ബുധനാഴ്ച 'പുലി'കള്‍ ഇറങ്ങും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനില്‍ പുലികളിയുടെ ഫ്ലാഗ് ഓഫ് നടക്കുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. പാട്ടുരായ്ക്കല്‍ ദേശം സംഘമാണ് ഫ്ലാഗ് ഓഫില്‍ പങ്കെടുക്കുക. ഇത്തവണ ഏഴ് സംഘങ്ങളാണ് പുലികളിയില്‍ അണിനിരക്കുക. ബിനി ജങ്ഷന് വഴി യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം എന്നി രണ്ട് സംഘങ്ങളും നടുവിലാല്‍ ജങ്ഷനിലൂടെ സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷകമ്മിറ്റി, ചക്കാമുക്ക് ദേശം പുലികളി, കാനാട്ടുകര ദേശം പുലികളി എന്നീ നാല് സംഘങ്ങളും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
എട്ട് അടി ഉയരമുള്ള ട്രോഫിയാണ് ഈ വര്‍ഷത്തെയും ആകര്‍ഷണം. ഒന്നാം സ്ഥാനത്ത് എത്തുന്ന പുലികളി സംഘത്തിനാണ് ഇത് ലഭിക്കുക. ഒരു പുലികളി സംഘത്തില്‍ 35മുതല്‍ 51 വരെ പുലികളും ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടായിരിക്കും.
പുലികളി സംഘങ്ങളുടെ നിശ്ചലദൃശ്യ വാഹനങ്ങള്‍ കടന്നുവരുന്ന പ്രധാന വഴികളിലെയും സ്വരാജ് റൗണ്ടിലെയും മരച്ചില്ലകളും തടസങ്ങളും പൂര്‍ണമായി നീക്കുകയും റൗണ്ടില്‍ വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന പുലികളി സംഘങ്ങള്‍ക്ക് യഥാക്രമം 62,500 രൂപയും 50,000 രൂപയും 43,750 രൂപയും ട്രോഫികളും സമ്മാനമായി നല്‍കും. നിശ്ചല ദൃശ്യത്തിന് യഥാക്രമം 50,000 രൂപയും 43,750 രൂപയും 37,500 രൂപയും പുലികൊട്ടിനും പുലിവേഷത്തിനും പുലി വണ്ടിക്കും യഥാക്രമം 12,500 രൂപയും 9,375 രൂപയും 6,250 രൂപയും ലഭിക്കും. കൂടാതെ മികച്ച രീതിയിലുള്ള അച്ചടക്കം പാലിക്കുന്ന സംഘത്തിന് 18,750 രൂപയും നല്‍കും. ബിനി ഹെറിറ്റേജ് ഗസ്റ്റ് ഹൗസിന് മുമ്പില്‍ നടക്കുന്ന സമാപന ചടങ്ങിൽ വെച്ചാണ് സമ്മാന വിതരണം.
പുലികളി സംഘങ്ങള്‍ക്ക് കോര്പറേഷന് നല്കുന്ന ധനസഹായം 25 ശതമാനം വര്‍ധിപ്പിച്ചെന്ന് മേയർ പറഞ്ഞു. ഇതുപ്രകാരം തുക 2,50,000 രൂപയില്‍നിന്ന് 3,12,500 രൂപയാക്കി ഉയര്‍ത്തി. മൂന്‍കൂര്‍ ഇനത്തില്‍ ഓരോ സംഘത്തിനും 1,50,000 രൂപ കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈവര്‍ഷം ഹരിത വണ്ടി ഒഴിവാക്കി. ഒരു പുലികളി സംഘത്തിന് 120 ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ള വിതരണവും വൈദ്യസഹായവും ഉണ്ടാകുമെന്നും മേയർ വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന് എന്നിവരും സംബന്ധിച്ചു.
നഗരത്തില്‍ കനത്ത സുരക്ഷ
തൃശൂര്‍: പുലികളിക്ക് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷക്രമീകരണങ്ങളുമായി സിറ്റി പൊലീസ്. സിറ്റി പൊലീസ് കമീഷണര്‍, നാല് അസിസ്റ്റന്റ് കമീഷണര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 523 പൊലീസുകാരാണ് സുരക്ഷ ഒരുക്കുക. പൊലീസിനെ സഹായിക്കാന്‍ 20 വളണ്ടിയര്‍മാരും ഉണ്ടാകും. പുലികളി സംഘങ്ങളുടെ നടത്തിപ്പുകാരുമായി കൂടിയാലോചിച്ചാണ് വളണ്ടിയര്‍മാരെ സഹായത്തിന് നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സുരക്ഷക്രമീകരണങ്ങള്‍ക്കായി അഗ്നിരക്ഷസേന, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സേവനവും ഉണ്ടാകുമെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എന്‍.എസ്. സലീഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാലിന് ആരംഭിക്കുന്ന പുലികളി രാത്രി പത്തിനാണ് സമാപിക്കുക. പുലികളിയുടെ സുഗമമായ നടത്തിപ്പിന് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.