ആനകളുടെ മരണ കാരണം രേഖപ്പെടുത്തൽ: കേന്ദ്ര നിർദേശം നടപ്പായില്ല

തൃശൂർ: ആനകളുടെ മരണകാരണം രേഖപ്പെടുത്താനുള്ള കേന്ദ്ര മാർഗനിർദേശം കേരളം നടപ്പാക്കിയില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രത്യേക ഓഫിസ് മെമ്മോറാണ്ടമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുമില്ല.

മൂന്ന് വെറ്ററിനറി സർജൻമാർ രണ്ട് വന്യജീവി സംരക്ഷകരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന കേന്ദ്ര ഉത്തരവ് സംസ്ഥാനം അവഗണിച്ച മട്ടാണ്. ഉത്തരവ് ഇറങ്ങിയ ശേഷം ജില്ലയിൽ മാത്രം മൂന്ന് നാട്ടാനകൾ ചെരിഞ്ഞു. ഇവയുടെ പോസ്റ്റ്മോർട്ടത്തിന് കേന്ദ്രം നിഷ്കർഷിച്ച നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആക്ഷേപം.

ഇതിനെതിരെ ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി അയച്ചു. നാട്ടാന-കാട്ടാന വ്യത്യാസമില്ലാതെ മരണനിരക്ക് വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മരണ കാരണം പഠിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയത്. തമിഴ്നാട് ഇതനുസരിച്ച് 'എലിഫെന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക്' എന്ന പേരിൽ ഉത്തരവ് പുതുക്കിയിറക്കി.

കേന്ദ്ര നിർദേശത്തിന് പ്രാധാന്യമുണ്ടെന്നാണ് വന്യജീവി സംരക്ഷണ മേഖലയിലുള്ളവരുടെ അഭിപ്രായം. ആനകളുടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച നിലവാരം, പ്രകൃത്യാ അല്ലാതെയുള്ള മരണങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ പഠിക്കുക, ഇത്തരം സാഹചര്യങ്ങൾക്ക് തടയിടുക എന്നിവ ഇതിൽ പ്രധാനമാണ്.

ഒരു വർഷത്തിനിടെ 32 നാട്ടാനകൾ ചെരിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. നാല് വർഷത്തിനിടയിൽ 75ഓളം നാട്ടാനകളും. പ്രായാധിക്യം, അനാരോഗ്യം, എരണക്കെട്ട്, പാദരോഗം എന്നിവയാണ് നാട്ടാനകൾ ചെരിയാൻ കൂടുതൽ ഇടയാക്കിയതെന്നാണ് പറയുന്നത്.

15 വർഷത്തിനിടെ 1500ലധികം കാട്ടാനകൾ അസ്വാഭാവികമായി ചെരിഞ്ഞതായാണ് വനം വകുപ്പിന്‍റെ കണക്ക്. ഇതാകട്ടെ വൈദ്യുതാഘാതം, ട്രെയിൻ തട്ടൽ, നായാട്ട്, പ്ലാസ്റ്റിക് മാലിന്യവും സ്ഫോടക വസ്തുക്കളും അകത്തുചെല്ലൽ എന്നീ കാരണങ്ങളാലാണ്.

ആറായിരത്തിലേറെ കാട്ടാനകൾ കേരളത്തിലെ വനമേഖലയിലുണ്ട്. നാട്ടാനകളുടെ എണ്ണം കുറയുന്നത് തടയാൻ ആന പരിപാലന കേന്ദ്രങ്ങളിൽ പ്രജനനം ഉറപ്പാക്കാനുള്ള 'ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം' നടപ്പാക്കണമെന്ന ആവശ്യവും സംസ്ഥാനത്ത് നടപ്പായിട്ടില്ല.

Tags:    
News Summary - Recording cause of death of elephants-Central directive not implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.