തൃശൂർ: ജില്ലയിൽ സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷൽ ഡ്രൈവിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 120 ബസുകളിൽനിന്ന് പിഴയീടാക്കുകയും താക്കീത് നൽകുകയും ചെയ്തു.
നിരോധിച്ച എയർ ഹോൺ ഉപയോഗിക്കുക, ടിക്കറ്റ് നൽകാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, ഡോർ ഷട്ടറുകൾ അടക്കാതെ സര്‍വിസ് നടത്തുക എന്നിങ്ങനെ വ്യാപകമായ പരാതികളെ തുടർന്നായിരുന്നു ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം സ്റ്റേജ് ക്യാരേജ് സ്പെഷൽ ഓപറേഷൻ പ്രകാരമുള്ള പരിശോധന.
ജില്ലയിൽ വിവിധയിടങ്ങളിലായി ഒറ്റയടിക്കായിരുന്നു പരിശോധന. 127 ബസുകൾ പരിശോധിച്ചതിൽ 120ഉം നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത് 94,000 രൂപ പിഴയീടാക്കി. എ.ഐ കാമറകളിൽനിന്ന് രക്ഷപ്പെടാൻ നമ്പർ പ്ലേറ്റ് ഊരിവെക്കുക, മടക്കി വെക്കുക, വലുപ്പം കുറച്ച് പ്രദർശിപ്പിക്കുക എന്നതടക്കമുള്ളവയും കണ്ടെത്തി. ഇത്തരം വാഹനങ്ങൾക്കെതിരെയും കർശന നടപടികളുണ്ടാവുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി.ടി. മധു പറഞ്ഞു.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 50, 52 ചട്ടപ്രകാരമുള്ള വലുപ്പത്തിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികളുണ്ടാവുമെന്നും എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.