ചാവക്കാട്: കടലാക്രമണം തുടരുന്ന കടപ്പുറം പഞ്ചായത്തിൽ വെള്ളക്കെട്ടിലായ വീട്ടുകാർ ദുരിതത്തിൽ. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ മൂന്നാം ദിവസം പിന്നിടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. കടൽക്ഷോഭവും ശക്തമായ മഴയും കാരണം പഞ്ചായത്തിലെ ഏഴ് വാർഡുകളാണ് വെള്ളക്കെട്ടിലായത്.
പഞ്ചായത്തിലെ ഞോളി റോഡ് മുതൽ മുനക്കക്കടവ് അഴിമുഖം വരെ അഞ്ച് കിലോമീറ്ററാണ് കടലാക്രമണം രൂക്ഷം. വീടുകൾക്കിടയിലൂടെ കടൽത്തിര ഇരച്ച് കയറി തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്ന് കിഴക്ക് ഭാഗത്തേക്ക് ഒഴുകുകയാണ്. വീടുകൾ വെള്ളക്കെട്ടിലായതോടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാനാവാതെ വീട്ടുകാർ പ്രയാസത്തിലാണ്.
എല്ലാ ദിവസവും ഉച്ചക്ക് ശേഷമാണ് കടലാക്രമണം രൂക്ഷമാകുന്നത്. സുരക്ഷ ഭിത്തികൾ പലയിടത്തും തകർന്ന് കിടക്കുകയാണ്. ദുരിതത്തിലായ നിരവധി കുടുംബങ്ങൾ ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്.
പഞ്ചായത്തിന്റെ തൊട്ടടുത്ത ചാവക്കാട് നഗരസഭ, പുന്നയൂർ പഞ്ചായത്തുകളിലെ തീരമേഖലകളിലും കടലാക്രമണം ശക്തമാണെങ്കിലും കടൽ തീരത്ത് വീടുകളില്ലാത്തതിനാൽ അത്തരത്തിലുള്ള ഭീഷണിയില്ല. അതേസമയം, പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് മേഖലയിൽ പാപ്പാളിയിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. ഈ ഭാഗങ്ങളിലെ തീരമണൽ കടലെടുത്തിട്ടുണ്ട്.
മേഖലയിൽ കടലാക്രമണം ഏറ്റവും രൂക്ഷം പെരിയമ്പലം കടപ്പുറത്താണ്. ഇവിടെ പുന്നയൂർക്കുളം പഞ്ചായത്ത് നിർമിച്ച ലിങ്ക് റോഡ് ഭാഗികമായി കടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.