തൃശൂര്‍: പുത്തന്‍ പ്രതീക്ഷകളോടെ പുതിയ അധ്യയന വര്‍ഷത്തിന് തിങ്കളാഴ്ച പൊലിമയോടെ തുടക്കമാകും. നവാഗതരെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകളെല്ലാം സ്കൂളുകള്‍ പൂര്‍ത്തിയാക്കി. ജില്ലതല പ്രവേശനോത്സവം രാവിലെ 10ന് ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന് എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള പ്രവേശന യാത്ര, ബാന്‍ഡ് മേളം, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളുടെ പരേഡ് തുടങ്ങിയ വര്‍ണാഭമായ പരിപാടികള്‍ അരങ്ങേറും. സ്കൂളുകളില്‍ ക്ലാസ് മുറികളെല്ലാം വര്‍ണപകിട്ടോടെ അലങ്കരിച്ചുകഴിഞ്ഞു.
മഴക്കാലം ആരംഭിച്ചെങ്കിലും അതിനെ വകവെക്കാതെ ആദ്യദിനം തന്നെ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാഠപുസ്തകങ്ങളെല്ലാം സ്കൂളുകളില്‍ എത്തിക്കഴിഞ്ഞു. മിക്ക സ്കൂളുകളിലും പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ട്.
വില്ലടം ജി.എച്ച്.എസ്.എസില്‍ നടക്കുന്ന റവന്യു ജില്ല തല സ്കൂള്‍ പ്രവേശനോത്സവം രാവിലെ 9.30ന് പി. ബാലചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഐ. സതീഷ്കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഡോ. എ. അന്‍സാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേലക്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രവേശനോത്സവവും വിജയോത്സവവും ഉന്നതി സ്റ്റുഡന്റ് ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. രാവിലെ 10ന് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പഠനോപകരണ വിതരണവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.