തൃശൂർ: യന്ത്രങ്ങൾ തകരാറിലായതുമൂലം കുറച്ച് കാലമായി ഡയാലിസിസിന് പ്രതിസന്ധി നേരിട്ടിരുന്ന ജില്ല ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സാധാരണ നിലയിലേക്ക്. കഴിഞ്ഞ ദിവസം നാല് പുതിയ യന്ത്രങ്ങൾ എത്തിയതോടെ എത്തുന്ന രോഗികൾക്ക് ഡയാലിസിസ് നടത്താൻ പറ്റുന്ന സാഹചര്യമായി.
യന്ത്രങ്ങളിൽ പലതും പ്രവർത്തനരഹിതമായതിനാൽ മാസങ്ങളായി പ്രതിസന്ധി നേരിട്ടിരുന്നു. ഡയാലിസിസ് എത്തുന്നവർ കാര്യം നടക്കാതെ തിരിച്ച് പോകേണ്ട അവസ്ഥ പതിവായതോടെ കഴിഞ്ഞ ബുധനാഴ്ച അവരിൽ പലരും സൂപ്രണ്ടിന്റെ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു. ഇതോടെ പൊടുന്നനെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ട് ലഭ്യമാക്കി പുതിയ യന്ത്രങ്ങൾ വാങ്ങുകയും വ്യാഴാഴ്ച അത് എത്തിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
ഇതിന് പുറമെ പി. ബാലചന്ദ്രൻ എം.എൽ.എ നാല് പുതിയ യന്ത്രങ്ങൾ വാങ്ങാനുള്ള തുക പ്രാദേശിക ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഇത് എത്തുന്നതോടെ കാര്യങ്ങൾ സുഗമമാകും. ഇവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ടെക്നീഷ്യൻ, നഴ്സ് എന്നിവരെ നിയമിക്കാൻ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള തൃശൂർ കോർപറേഷനും നീക്കം നടത്തുന്നുണ്ട്. ഇതോടെ ജില്ല ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കെല്ലാം തടസ്സമില്ലാതെ ഡയാലിസിസ് നിർവഹിക്കാവുന്ന സാഹചര്യം വന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.