തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലം പൂർണമായും ചാലക്കുടി, ആലത്തൂർ ലോക്സഭ മണ്ഡലങ്ങളുടെ മൂന്ന് വീതം നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്ന ജില്ലയിൽ ജനുവരി 22 വരെയുള്ള കണക്ക് പ്രകാരം വോട്ടർമാരുടെ എണ്ണം 25,90,721. ഇതിൽ 13,52,552 സ്ത്രീകളും 12,38,114 പുരുഷന്മാരും 55 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. 85 വയസ് കഴിഞ്ഞ 25,489 വോട്ടർമാരും ഭിന്നശേഷിക്കാരായ 26,747 പേരുമുണ്ട്. 1,194 സ്ഥലങ്ങളിലായി ആകെ 2,319 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.
85 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ ഇത്തവണ സൗകര്യമുണ്ട്. വീട്ടിലെത്തുന്ന ബി.എൽ.ഒമാർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അതേസമയം, ഈ രീതിയിൽ വോട്ട് ചെയ്യാൻ അപേക്ഷിച്ചാൽ പിന്നീട് ബൂത്തിലെത്തി വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.എൽ.ഒമാർ എത്താത്തതോ മറ്റോ ആയ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ‘1950’ എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
ഇരട്ട വോട്ട് കണ്ടെത്താൻ വിവിധ തലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഘട്ടങ്ങളായി നടക്കുന്ന പരിശോധനയിൽ കുറെ വോട്ട് നീക്കിയിട്ടുണ്ട്. പരിശോധന തുടരുകയാണ്.
വോട്ടർ പട്ടികയിൽ ഉൾപ്പെടാനും നീക്കം ചെയ്യപ്പെട്ടവർക്ക് പട്ടികയിൽ ചേർക്കാനും ഈമാസം 25 വരെ അപേക്ഷിക്കാം. മണ്ഡലത്തിനകത്ത് മറ്റൊരിടത്തേക്ക് വോട്ട് മാറ്റാനും ഈ ദിവസം വരെയാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ ടൊവിനെ തോമസിനൊപ്പമുള്ള ചിത്രം ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ബി.ജെ.പിയുടെ പരാതി ബന്ധപ്പെട്ട സമിതി പരിശോധിക്കും.
ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാരെപ്പോലെ വോട്ട് ചെയ്യാൻ പ്രത്യേകം സൗകര്യമുണ്ട്. എന്നാൽ, ഇവരുടെ തെരഞ്ഞെടുപ്പ് രേഖയിൽ ഭിന്നശേഷിക്കാരാണെന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, 40 ശതമാനത്തിലധികും ഭിന്നശേഷിയുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റും ഉണ്ടാകണം.
ഇത്തവണ ജില്ലയിൽ സ്ത്രീ വോട്ടർമാർക്ക് മാത്രമായി ബൂത്ത് ഉണ്ടാകില്ല. മുൻകാലങ്ങളിൽ ജില്ലയുടെ തീരമേഖലയിൽ ഇത്തരം ബൂത്തുണ്ടായിരുന്നു. അതേസമയം, വനിത പോളിങ് ഉദ്യോഗസ്ഥർ മാത്രമുള്ള ബൂത്തുകളുണ്ടാകും. ആകെ ബൂത്തുകളിൽ അഞ്ച് ശതമാനം ഇത്തരത്തിലാകണം എന്നാണ് ഏകദേശ ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.