പെരുമ്പിലാവ്: ചുമട്ടുതൊഴിലാളി ശിവൻ കടവല്ലൂരിന്റെ ചെറുകഥ സമാഹാരം ‘ഹൃദയ വാതിലിലെ കൊത്തുപണികൾ’ ഞായറാഴ്ച പ്രകാശനം ചെയ്യും. കടവല്ലൂർ സ്വദേശി ചോഴിയാട്ടിൽ ശിവനാണ് (57) തലച്ചുമടിന്റെ ഭാരത്തെ ഇല്ലാതാക്കി ഭാഷയുടെ, വൈചിത്രങ്ങളുടെ നിഴൽ രൂപങ്ങൾ പേന കൊണ്ട് കുത്തിക്കുറിച്ച് എഴുത്തിനെ കർമമാക്കി മാറ്റിയത്. കാലത്തിന്റെ ഹൃദയബന്ധങ്ങളും ജീവിതത്തിന്റെ ശേഷിപ്പുകളുമെല്ലാം ചിന്തയിൽ തീർത്താണ് ഏത് പ്രായക്കാർക്കും വായിക്കാവുന്ന 23 ചെറുകഥകളുടെ സമാഹാരം രചിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്.
കടവല്ലൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നീണ്ട ഏഴ് വർഷം പ്രവാസ ജീവിതം നയിച്ചു. നാട്ടിൽ തിരിച്ചെത്തി ഒമ്പത് വർഷമായി ശിവൻ കല്ലുപുറത്ത് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഒഴിവ് സമയങ്ങളിൽ മനസ്സിൽ വരുന്ന വാക്കുകൾ എഴുതിവെച്ചാണ് ഇഷ്ടവിനോദമായ കവിതയും കഥയുമെല്ലാം എഴുതി ജീവിതം സുന്ദരമാക്കുന്നത്. എഴുതിയ കവിതയും കഥകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ശിവന്റെ രചനകൾക്ക് മികച്ച പിന്തുണ ലഭിച്ചത്. ഇതോടെ ഇവ പുസ്തകമാക്കാൻ പ്രചോദനമായി. കഴിഞ്ഞ വർഷം ഇദ്ദേഹം എഴുതിയ ‘പാതിശിലയുടെ നോവ്’ കവിത സമാഹരം പുറത്തിറക്കി. ഇനിയുള്ള ആഗ്രഹം നോവൽ എഴുത്താണെന്നും ശിവൻ പറയുന്നു. ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും പാട്ടെഴുതി.
കൂടാതെ നാട്ടൻ പാട്ടുകളും വിപ്ലവ ഗാനങ്ങളും സ്വന്തമായിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലുപുറത്ത് സഹപ്രവർത്തകരായ ചുമട്ടുതൊഴിലാളികളും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായാണ് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നത്. കടവല്ലൂർ വടക്കുമുറി ചോഴിയാട്ടിൽ പരേതനായ മാധവൻ-സുലോചന ദമ്പതിമാരുട ഏഴു മക്കളിൽ നാലാമനാണ് ശിവൻ. ധനലക്ഷ്മിയാണ് ഭാര്യ. നിമിഷ, നിഷിത, നിഖിത എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.