തൃശൂര്‍: ശക്തന് നഗറിലെ ആകാശ പാത തൂണുകളില്‍ ഉറപ്പിച്ചുതുടങ്ങി. ബുധനാഴ്ച രാവിലെ പച്ചക്കറി മാര്‍ക്കറ്റിനുള്ളിലെ കോണ്‍ക്രീറ്റ് തൂണില്‍ പില്ലര്‍ ട്രെസ് ഉറപ്പിച്ചു. വെളിയന്നൂർ ജങ്ഷനിൽനിന്ന് തുടങ്ങി സർക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തിനിൽക്കുന്ന ഒന്നാംഘട്ട അർധവൃത്തത്തിന്റെ പച്ചക്കറി മാർക്കറ്റിലും പുറത്ത് ടെമ്പോ സ്റ്റാന്‍ഡിനുള്ളിലും രണ്ടു വീതം തൂണുകളിലാണ് പില്ലര്‍ ട്രെസ് ഉറപ്പിക്കുന്നത്. ഇതില്‍ പച്ചക്കറി മാര്‍ക്കറ്റിനകത്തെ ഒരു തൂണിലാണ് പില്ലര്‍ ട്രെസ് ഉറപ്പിച്ചത്.
രണ്ടു ദിവസങ്ങളിലായി മറ്റു മൂന്നു തൂണുകളിലും ഉറപ്പിക്കും. അർധവൃത്തത്തിന്റെ ബാക്കി പ്രവർത്തനം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിലവിലെ ജോലികള്‍ മാര്‍ക്കറ്റിന് അകത്തായതിനാല്‍ ഗതാഗത തടസ്സമുണ്ടാകുന്നില്ല. തുടര്‍ ജോലികള്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധത്തില്‍ ഞായറാഴ്ചകളിലും രാത്രിയിലുമായി ക്രമീകരിക്കും.
200 ടണുള്ള ഇരുമ്പുകൊണ്ടുള്ള ആകാശപാലത്തിന്റെ ഭാഗങ്ങള്‍ നേരത്തേ നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ ആറു മീറ്റര്‍ ഉയരത്തിലാണ് ഉറപ്പിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ആകാശപ്പാത ഉറപ്പിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്ന ജോലികള്‍ പൂര്‍ത്തിയായിവരുന്നു. കഴിഞ്ഞ ദിവസമാണ് കോര്പറേഷന് വൈദ്യുതി വിഭാഗം പ്രവൃത്തി ആരംഭിച്ചത്.
280 മീറ്റർ ചുറ്റളവിൽ 89 മീറ്റർ വ്യാസത്തിലും മൂന്നു മീറ്റർ വീതിയിലും ആറു മീറ്റർ ഉയരത്തിലുമാണ് ആകാശപാത ഒരുങ്ങുന്നത്. 16 കോൺക്രീറ്റ് തൂണുകളിലാണ് പാത സ്ഥാപിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, ശക്തൻ ബസ്സ്റ്റാൻഡ്, വെളിയന്നൂർ ജങ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കും.
ദേശീയതലത്തിൽതന്നെ അപൂർവമാണ് ഇത്ര വലിയ പാതയെന്ന അവകാശവാദമാണ് നിർമാണ കമ്പനിയായ കാസർകോട് കേന്ദ്രമായ ബെസ്റ്റ് കൺസ്ട്രക്ഷൻ കമ്പനി അധികൃതർക്കുള്ളത്. ഉരുക്കു പാതയാണ് അണിയറയിൽ ഒരുങ്ങുന്നത്. 350 ടൺ ഉരുക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്നര ലക്ഷം കിലോയാണ് ഇതിന്റെ മൊത്തം ഭാരം.
കോൺക്രീറ്റ് തൂണുകളിൽ ആയതിനാൽ റോഡുകളിൽ സഞ്ചാരതടസ്സം ഉണ്ടാവുകയില്ല. മുകളിലെത്തിയാല്‍ മൂന്നു മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം. പടികള്‍ കയറാന്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ ലിഫ്റ്റ് സ്ഥാപിക്കും. എസ്കലേറ്റര്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
രണ്ടാംഘട്ടത്തിലാണ് ഇതിന്റെ ജോലികള്‍ നടക്കുക. മേയര്‍ എം.കെ. വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്ഥിരംസമിതി അധ്യക്ഷരായ ജോണ്‍ ഡാനിയേല്‍, സാറാമ്മ ജോണ്സണ്, കൗണ്‍സിലര്‍മാരായ സിന്ധു ചാക്കോള, എന്‍. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.