തൃശൂർ: താളവാദ്യ കലാകാരന്മാർക്ക് വിഷുക്കോടിയും കൈനീട്ടവും ‘സർപ്രൈസ്’ സഹായ പദ്ധതിയും സമ്മാനിച്ച് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം മഠത്തിൽ വരവ് തുടങ്ങി എല്ലാ താളവാദ്യങ്ങളിലും ആവേശം കൊള്ളിക്കുന്ന താളവാദ്യ കലാകാരൻമാരുടെ സംഗമമായി മാറി സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വേദി.
തൃശൂർ കൗസ്തുഭം ഹാളിലായിരുന്നു പരിപാടി. സുരേഷ് ഗോപിയുടെ അന്തരിച്ച മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റിവിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ രാഷ്ട്രീയമില്ല, മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നതിന് മുമ്പേ പലരും കാഹളം മുഴക്കുകയാണ്. ഇത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി കൈനീട്ടം നൽകിയതിന് ആരും തനിക്ക് വോട്ട് തരേണ്ടെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ വാദ്യ-മേള കലാകാരന്മാരുടെയും കൺസോർട്യമുണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.
പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷ മാരാർ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു. പരയ്ക്കാട് തങ്കപ്പൻ മാരാർ, പെരുവനം സതീശൻ, ചെറുശേരി കുട്ടൻ മാരാർ, കക്കാട് രാജപ്പൻ മാരാർ, തിച്ചൂർ മോഹനൻ, വെളിത്തിരുത്തി ഉണ്ണി, പെരുവനം ഹരിദാസ്, വെളപ്പായ നന്ദൻ, ഏഷ്യാഡ് ശശി, കൊമ്പത്ത് അനിൽ, കെ.കെ. അനീഷ്കുമാർ, രവികുമാർ ഉപ്പത്ത്, രഘുനാഥ് സി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.