തൃശൂർ: വീടിന്റെ ജനൽ ഇളക്കിമാറ്റി അകത്തുകയറി അലമാരയിൽ സൂക്ഷിച്ച 38.5 പവൻ ആഭരണങ്ങൾ കവർന്ന പ്രതികളെ തൃശൂർ പൊലീസ് ചെന്നൈയിൽനിന്ന് പിടികൂടി. പശ്ചിമബംഗാൾ ബൊറാംഷക്ക്പുർ ശൈഖ് മക്ക്ബുൽ (31), തെങ്കന മുഹമ്മദ് കൗഷാർ ശൈഖ് (45) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെയും അസി. കമീഷണർ വി.കെ. രാജുവിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഈ മാസം 16നാണ് വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂങ്കുന്നത്തെ പൂട്ടിക്കിടന്ന വീടിന്റെ ജനൽ ഇളക്കിമാറ്റി ആഭരണങ്ങൾ കവർന്നത്. സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 88 സി.സി ടി.വി കാമറ പരിശോധിച്ചതിൽ പ്രതികളുടെ അവ്യക്ത ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിർത്തി ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. എന്നാൽ, മോഷണത്തിന് പ്രതികൾ വീണ്ടും ട്രെയിൻ മാർഗം കേരളത്തിലേക്ക് പുറപ്പെട്ടിരുന്നു.
ചെന്നൈയിലേക്ക് തിരിച്ച പൊലീസ് സംഘം ചെന്നൈ റെയിൽവേ പൊലീസിന്റെ സഹായത്തോടെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കമ്പാർട്ട്മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. വെസ്റ്റ് സ്റ്റേഷൻ എസ്.ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.