കലക്ടറെത്തി, സ്വന്തം നാട്ടിലെ വിദ്യാർഥികളെ കാണാൻ

കൊച്ചി: ജില്ല കലക്ടറും വിദ്യാർഥികളും രാജസ്ഥാന്‍ സ്വദേശികള്‍... പക്ഷേ അവര്‍ സംസാരിച്ചതും വായിച്ചതുമെല്ലാം മലയാളത്തില്‍.

ജില്ലയിലെ റോഷ്‌നി പഠിതാക്കളുടെ വിശേഷങ്ങള്‍ അറിയാനെത്തിയ ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന് മുന്നിലാണ് രാജസ്ഥാനി കുട്ടികള്‍ മലയാളത്തില്‍ എഴുതിയും വായിച്ചും വിസ്മയം തീര്‍ത്തത്. തൃക്കണാര്‍വട്ടം എസ്.എന്‍.എച്ച്.എസ്.എസിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

രാജസ്ഥാന്‍ സ്വദേശികളായ 90 വിദ്യാർഥികളാണ് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഇവിടെ പഠിക്കുന്നത്. മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ കലക്ടര്‍ക്ക് മലയാളത്തില്‍ തന്നെ വിദ്യാർഥികളും മറുപടി നല്‍കി. മലയാള പാഠപുസ്തകങ്ങളും കലക്ടര്‍ വിദ്യാർഥികളെക്കൊണ്ട് വായിപ്പിച്ചു. ഇടയ്ക്ക് ഹിന്ദിയിലും കുട്ടികളുമായി സംസാരിച്ച അദ്ദേഹം അടുത്തവര്‍ഷം കൂടുതല്‍ മികവോടെ റോഷ്‌നി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പറഞ്ഞു. തുടര്‍ന്ന് കാക്കനാട് എം.എ.എച്ച്.എസിലെ വിദ്യാർഥികളെയും കലക്ടര്‍ സന്ദര്‍ശിച്ചു. 70 വിദ്യാർഥികളാണ് ഇവിടെയുള്ളത്. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കൂടുതലും.

അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മലയാളഭാഷയിലൂടെ അധ്യയനം നടത്തുന്നതിനായി ജില്ല ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് റോഷ്‌നി. ജില്ലയില്‍ 1200 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

നിരവധി ഓണ്‍ലൈന്‍ പഠിതാക്കളും റോഷ്‌നിയിലുണ്ട്. ബി.പി.സി.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എലിസബത്ത് ഡേവിസ്, റോഷ്‌നി ജനറല്‍ കോഓഡിനേറ്റര്‍ സി.കെ പ്രകാശ്, റോഷ്‌നി അക്കാദമിക് കോഓഡിനേറ്റര്‍ ജയശ്രീ കുളക്കുന്നത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - The collector came to see the students in his own state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.