തൃശൂർ: പുണ്യനദിയായ ദേവസങ്കൽപ്പ ഗംഗ മനുഷ്യ സ്ത്രീയായിരുന്നെങ്കിൽ... ക്ഷമയുടെ, സഹനത്തിന്റെ മാതൃഭാവവും പ്രണയത്തിന്റെ കാമുകീ ഭാവവും ദൈവീകതയുടെ ഭക്തിയും. വിരഹവേദന അനുഭവിക്കുമ്പോഴും മറ്റുള്ളവർക്ക് മോക്ഷത്തിനായി സമർപ്പിതയായി ഒഴുകുന്ന ഗംഗ... സ്ത്രീകരുത്തിന്റെ കനലായി സാംസ്കാരിക നഗരിയുടെ ഓണനാളിന്റെ ആഘോഷങ്ങളെ സമ്പന്നമാക്കി അരങ്ങിലെ 'ഗംഗ'. അന്താരാഷ്ട്രരംഗത്തെ യുവനർത്തകി മറീന ആന്റണിയാണ് 'ഗംഗ'യെന്ന നൃത്തരൂപം അരങ്ങിലെത്തിയത്.
ചൊവ്വാഴ്ച തൃശൂർ സംഗീതനാടക അക്കാദമി റീജണൽ തിയേറ്ററിൽ നിറഞ്ഞ സദസിലായിരുന്നു ഗംഗയുടെ അവതരണം. മറീന ആന്റണിയുടെ കേരളത്തിലെ ഇടവേളക്ക് ശേഷമുള്ള വേദി കൂടിയായിരുന്നു തൃശൂരിലെ ഗംഗയുടെ വേദി. ഭരതനാട്യത്തിൽ വ്യവസ്ഥാപിത ചുവടുകൾക്കും ഭാവങ്ങൾക്കും മുദ്രകൾക്കും ലളിതമായ രംഗഭാഷ്യമൊരുക്കിയായിരുന്നു ഗംഗയുടെ അവതരണ രീതി.
നാട്യശാസ്ത്രരീതികൾ പരിചിതമല്ലാത്ത സാധാരണക്കാർക്ക് പോലും ഏറ്റവും എളുപ്പത്തിൽ മനസിലാക്കാവാനാവുന്ന ലളിതഭാഷ്യം ക്ലാസിക്കൽ നൃത്തരംഗത്ത് ഇതാദ്യമാണ്. സ്വർഗപുത്രികളായായാലും ദേവാംഗനകൾ പ്രണയത്തിന്റെ കാര്യത്തിൽ മനുഷ്യസ്ത്രീകളെപ്പോലെയാണെന്ന സങ്കല്പമാണ് 'ഗംഗ'യെന്ന 45 മിനുട്ട് ദൈർഘ്യമുള്ള നൃത്ത രൂപത്തിനാധാരം. പ്രമുഖ നൃത്തകലാകാരൻ ആർ.എൽ.വി ആനന്ദ് ചിട്ടപ്പെടുത്തി നൃത്തസംവിധാനം ചെയ്ത 'ഗംഗ'ക്ക് രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഗുരുവായൂർ ഭാഗ്യലക്ഷ്മിയുടെ സംഗീതവും ആലാപനവും. മുരളി തയ്യിൽ ആണ് വെളിച്ചവും അരങ്ങുമൊരുക്കിയത്. മറീന ആന്റണിയെ ഗംഗയാക്കിയ വസ്ത്രാലങ്കാരം സുന്ദർമഹാളും മേക്കപ്പ് രാധു ലഷ്ലൈഫും നിർവഹിച്ചു. വിദേശരാജ്യങ്ങളിലെ തിരക്കേറിയ നൃത്തകലാകാരിയായ മറീന ആന്റണി ഇടവേളക്ക് ശേഷമാണ് കേരളത്തിലെ അരങ്ങിലെത്തുന്നത്. യു.എസിലെ സാംസ്കാരിക വേദിയായ മിത്രാസ് ആർട്സ് ആണ് തൃശൂരിലെ ഗംഗയുടെ അവതരണത്തിന് വേദിയൊരുക്കിയത്. പ്രശസ്ത നൃത്ത ഗുരു ആർ.എൽ.വി ആനന്ദിന്റെയും അന്തരിച്ച രവി മാസ്റ്ററുടെയും നാടോടി നൃത്തരൂപങ്ങളുടെ ശിഷ്യയാണ്. അഞ്ചാം വയസിൽ തുടങ്ങിയ നൃത്ത പഠനം, നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഗുരുവായൂർ ഏകാദശി നൃത്ത സംഗീതോത്സവം, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബാംഗ്ലൂർ, മിത്രാസ് ഫെസ്റ്റിവൽ ന്യൂജേഴ്സി, കോഴിക്കോട് സമൂതിരി ഫെസ്റ്റിവൽ, വേൾഡ് മലയാളി ഗ്ലോബൽ കോൺഫറൻസ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നൃത്തോത്സവങ്ങളിൽ മെറീന സ്ഥിരം അവതാരകയാണ്.
എൻജിനീയറാണ് മറീന ആന്റണി. പദ്മ സുബ്രഹ്മണ്യം ഭരതനാട്യത്തിലും ഗുരു വൈജയന്തി കാശി കുച്ചിപ്പുഡിയും അഭ്യസിച്ചു. ശാസ്ത്രീയ നൃത്തങ്ങൾക്കായുള്ള ഇന്ത്യയിലെ പ്രശസ്ത സർവകലാശാലകളിലൊന്നായ സിലിക്കൺ ആന്ധ്രാ സർവകലാശാലയിൽ കുച്ചിപ്പുഡിയിൽ മാസ്റ്റേഴ്സ് പഠിക്കുകയാണ് മറീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.