തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ബുധനാഴ്ച സമാപിക്കും. രാവിലെ മുതൽ റോഡ് ഷോയുമായി ഇറങ്ങുന്ന മൂന്ന് മുന്നണി സ്ഥാനാർഥികൾക്കും ഇന്ന് വിശ്രമമില്ലാത്ത ദിവസമാണ്. തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണം കൊട്ടിക്കലാശം തൃശൂർ നഗരത്തിലാണ്.
****
എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രാവിലെ എട്ട് മുതൽ 10.30 വരെ ഗുരുവായൂർ മണ്ഡലത്തിലും 10.30 മുതൽ ഒന്ന് വരെ മണലൂർ മണ്ഡലത്തിലും ഉച്ചക്ക് 2.30 മുതൽ നാല് വരെ തൃശൂർ മണ്ഡലത്തിലും റോഡ് ഷോ നടത്തും. തുടർന്ന് വൈകീട്ട് ആറ് വരെ തൃശൂർ റൗണ്ടിൽ തുറന്ന വാഹനത്തിൽ റോഡ് ഷോയാണ്. ആറിനാണ് കലാശം.
****
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ രാവിലെ എട്ടിന് തൃശൂരിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പര്യടനം തുടങ്ങും. ഒല്ലൂർ, അവണിശ്ശേരി, ഊരകം, ഇരിങ്ങാലക്കുട ടൗൺ, കാട്ടൂർ, കാരാഞ്ചിറ പഴുവിൽ വഴി പെരിങ്ങോട്ടുകര, തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡ്, വാടാനപ്പള്ളി, എങ്ങണ്ടിയൂർ, പുളിഞ്ചോട്, പാടൂർ ഇടിയഞ്ചിറ, പാവറട്ടി സെന്റർ, പാങ്ങ്, ഏനാമാവ്, കാഞ്ഞാണി, അരിമ്പൂർ, ഒളരി, പടിഞ്ഞാറേക്കോട്ട, കോട്ടപ്പുറം വഴി തൃശൂരിലെത്തും. തുടർന്ന് മൂന്നിന് പടിഞ്ഞാറെകോട്ട ലീഡർ സ്ക്വയറിൽനിന്നും പുറപ്പെട്ട് എം.ജി റോഡ്, നടുവിലാൽ ജങ്ഷനിലെത്തും. അവിടെനിന്ന് മണികണ്ഠനാൽ, രാഗം വഴി എം.ഒ റോഡിൽ പ്രവേശിക്കും. ആറിന് കോർപറേഷൻ പരിസരത്താണ് സമാപനം.
****
എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചാരണ കൊട്ടിക്കലാശം 4.30ന് ആഘോഷമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കും. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽനിന്നും സ്ഥാനാർഥിയെ ആനയിച്ചുള്ള പ്രകടനം നായ്ക്കനാൽ, നടുവിലാൽ വഴി രാഗം തിയറ്ററിനടുത്ത് സമാപിക്കും.
തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചേർപ്പ് മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ ഇതിൽ പങ്കെടുക്കും. കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ബൈക്ക് റാലിയും ഉണ്ടാകും.
ആറിന് പ്രചാരണം അവസാനിപ്പിക്കും. മണലൂർ, ഗുരുവായൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊട്ടിക്കലാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.