പെരിഞ്ഞനം: ഞായറാഴ്ച പെരിഞ്ഞനം സമിതി ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞെങ്കിലും തീരദേശവാസികൾക്ക് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ഞായറാഴ്ച ഉച്ച മുതലാണ് സമിതി ബീച്ചിൽ കടൽ പ്രക്ഷുബ്ധമായത്. ഇതോടെ കടൽ തിര കടൽ ഭിത്തിയും കവിഞ്ഞ് പുറത്തേക്കൊഴുകി. വെള്ളം കരയിലേക്ക് ശക്തമായി ഒഴുകിയെത്തിയതോടെ മത്സ്യബന്ധന യാനങ്ങളുൾപ്പെടെ വെള്ളത്തിലായി.
കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് വള്ളങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വൻ നാശനഷ്ടം ഒഴിവായി. പ്രദേശത്തെ വീട്ടുമുറ്റങ്ങളിൽവരെ കടൽവെള്ളം ഇരച്ചെത്തി. രാത്രിയിൽ കടൽ ശാന്തമായതോടെ വെള്ളക്കെട്ട് ഭാഗികമായി ഒഴിഞ്ഞു.
പുലർച്ചെ അഞ്ചരയോടെ കമ്പനിക്കടവ് കടലിൽ കടൽ ചുഴലി ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതിന് പിന്നാലെ ഉച്ചയോടെയാണ് കടലേറ്റവും ഉണ്ടായത്.
സംഭവത്തെത്തുടർന്ന് പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാർഗ നിർദേശങ്ങൾ നൽകി. ഇ.ടി. ടൈസൺ എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വേലിയേറ്റ സമയത്ത് വീണ്ടും കടലേറ്റമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശ വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.