മാള: ദേശാടന പക്ഷികൾ വിരുന്നെത്താറുള്ള പനച്ചിറ തടാകം സംരക്ഷണം തേടുന്നു. തൃശൂർ-എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ പനച്ചിറയിലാണ് തടാകം. ഓണം അടക്കമുള്ള അവധിദിനങ്ങളിൽ ഉല്ലാസത്തിനെത്തുന്നവരുടെ വിനോദ-വിശ്രമ കേന്ദ്രം കൂടിയാണിത്. ആറ് കിലോമീറ്റർ നീളത്തിൽ വളഞ്ഞ് കിടക്കുന്ന തടാകം പൊയ്യ, പുത്തൻവേലിക്കര പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞ പ്രദേശമാണിത്. നിരവധി നാടൻ മത്സ്യങ്ങളുടെ സമ്പത്താണ് തടാകം. ഹെക്ടർ കണക്കിന് പാടശേഖരത്തിലെ കാർഷികവൃത്തിക്ക് ഇതിലെ ജലം ഉപയോഗിക്കുന്നുമുണ്ട്. തടാകത്തിന് സമീപമായി വളഞ്ഞുതിരിഞ്ഞു പോകുന്ന ചെമ്മൺപാതയും മനോഹര കാഴ്ചയാണ്.
വിനോദ സഞ്ചാരികൾ എത്തുന്നതിനുപുറമെ സിനിമ ചിത്രീകരണമടക്കം ഇവിടെ നടക്കുന്നുണ്ട്. പ്രദേശം വിനോദ സഞ്ചാര മേഖലയായി മാറിയിട്ടും തടാകത്തെ അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രദേശം നവീകരിക്കാനും തടാകം സംരക്ഷിക്കാനും അധികൃതർ തയാറായിട്ടില്ല. രണ്ട് പഞ്ചായത്തുകളും സംയുക്ത പദ്ധതികൾ നടപ്പാക്കാൻ തടസ്സമുണ്ടെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു. മഴക്കാലത്ത് തടാകത്തിനു സമീപത്തെ റോഡിൽ വെള്ളം കയറുന്നത് പതിവാണ്. റോഡ് ടാർചെയ്ത് ഉയർത്തി നിർമിക്കേണ്ടതുണ്ട്. തോടിന് സംരക്ഷണ ഭിത്തിയും നിർമിക്കേണ്ടതുണ്ട്. തോടിന്റെ അരികിലൂടെയാണ് ആളുകൾ ഇപ്പോൾ നടക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ നടപ്പാതയും ഇവിടെ നിർമിച്ചിട്ടില്ല. കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.