തൃശൂർ: ജനവാസ മേഖലയില്‍ വീട് വാടകക്കെടുത്ത് സ്പിരിറ്റ് സൂക്ഷിച്ചയാൾ അറസ്റ്റിൽ. കൊലപാതകം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട വാടാനപ്പിള്ളി തയ്യില്‍ വീട്ടില്‍ മണികണ്ഠൻ (41) ആണ് പിടിയിലായത്. കാര്യാട്ടുകര സ്വാമി പാലത്തിനടുത്ത് 18,000 രൂപ മാസവാടക നൽകിയാണ് ഇയാൾ വീട് വാടകക്ക് എടുത്തിരുന്നത്. ഇവിടെനിന്ന് 35 ലിറ്ററിന്റെ 110 കാൻ സ്പിരിറ്റ് പൊലീസ് കണ്ടെടുത്തു. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നു.
എറണാകുളം, മലപ്പുറം ഭാഗത്തുള്ള കള്ളുഷാപ്പുകളിലേക്ക് കള്ളിന് വീര്യം കൂട്ടാൻ ചേർക്കുന്ന സ്പിരിറ്റാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ആറ് മാസം മുമ്പാണ് വീട് വാടകക്കെടുത്തത്. വളം സൂക്ഷിപ്പ് കേന്ദ്രമാണെന്നും കൂടെയുള്ളത് ഭാര്യയും കുട്ടികളുമാണെന്നുമാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്.
കൂടെയുള്ളത് രണ്ടാം ഭാര്യയാണെന്ന് പൊലീസ് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനടക്കം രണ്ട് പേരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ 40 ക്രിമനല്‍ കേസുകളിൽ പ്രതിയാണ് മണികണ്ഠൻ.
ഓണക്കാല പരിശോധനയുടെ ഭാഗമായി ചാലക്കുടിയില്‍ പോട്ട ആശ്രമം സിഗ്നൽ ജങ്ഷനോട് ചേര്‍ന്ന് വാഹനപരിശോധന നടത്തിയപ്പോൾ കാറിന്റെ ഡിക്കില് ഒളിപ്പിച്ച സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. പിടികൂടിയയാളെ ചോദ്യം ചെയ്തപ്പോഴാണ് മൊത്ത സൂക്ഷിപ്പ് കേന്ദ്രത്തക്കുറിച്ച് വിവരം ലഭിച്ചത്. ചാലക്കുടി പൊലീസ് അറിയിച്ചതനുസരിച്ച് തൃശൂര്‍ വെസ്റ്റ് എസ്.എച്ച്.ഒ ലാല്‍കൃഷ്ണന്റെ നേതൃത്വത്തിലാണ് വീട് റെയ്ഡ് ചെയ്തത്.
ഒരു സുരക്ഷ സംവിധാനവും ഇല്ലാതെയാണ് കുടുംബസമേതം കഴിയുന്ന വീട്ടില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാടകവീടിന് ചുറ്റും മണികണ്ഠൻതന്നെ പണംമുടക്കി ഷീറ്റ് കൊണ്ട് മറച്ചിരുന്നു. പുറത്തുനിന്നുള്ളവർക്ക് അകത്ത് നടക്കുന്നത് കാണാനാകില്ല. വീടിന് മുന്നിലെ റോഡിലൂടെ ധാരാളം വാഹനങ്ങൾ പോകുന്നതിനാൽ ഈ വീട്ടിലേക്കുവരുന്ന വാഹനങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ വിലകൂടിയ മൂന്നു നായ്ക്കൾ കാവലുമുണ്ട്. വീട്ടിൽ ഉച്ചക്ക് ആരംഭിച്ച പൊലീസ് പരിശോധന രാത്രി പത്തുവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.