തൃശൂർ: നഗരത്തിലെ റോഡുകളിൽ കാൽനടക്കാരെ സംരക്ഷിക്കാൻ അധികൃതർ നെട്ടോട്ടം ഓടുമ്പോൾ നടപ്പാത കൈയേറ്റം തുടരുന്നു. കോർപറേഷന് കീഴിലുള്ള 13 റോഡുകളിലും വിവിധ ഇടങ്ങളിൽ കൈയേറ്റം തുടരുകയാണ്. കുറുപ്പം റോഡിൽ ജില്ല ബാങ്കിന് സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുന്നിലെ നടപ്പാത സ്ഥാപന ഉടമകളുടെ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലമാക്കി.
ഗതാഗതക്കുരുക്ക് സ്ഥിരമായ റോഡിലിറങ്ങി നടക്കാനാവാത്ത സാഹചര്യത്തിലാണ് വാഹന പാർക്കിങ്. അതിനിടെ സ്വരാജ്റൗണ്ടിലും കാൽനട ദുസ്സഹമാണ്. കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള സാധനങ്ങൾ കയറ്റിവെച്ച് ശല്യം ചെയ്യുന്നതും നിത്യമാണ്. അതിനിടെ വഴിയോര കച്ചവടവും ഇവിടെ പൊടിപൊടിക്കുന്നുണ്ട്.
ശക്തൻ നഗറിനോട് ചേർന്ന് വഴിയോര കച്ചവടക്കാർക്കായി കെട്ടിടം ഉണ്ടായിരിക്കവെയാണ് നടപാതയിൽ കച്ചവടം നടക്കുന്നത്. ഏറെ ഇടുങ്ങിയ പി.ഒ റോഡിൽ നടപ്പാത ഇല്ലെന്ന് തന്നെ പറയാം. കച്ചവടക്കാർ കൈയേറിയതിനുപുറമേ വാഹന പാർക്കിങ്ങും ഈഭാഗത്ത് നിത്യമാണ്. ഇതോടൊപ്പം ചരക്ക് കയറ്റിറക്കും തകൃതിയായതിനാൽ റോഡിൽ ഇറങ്ങി നടക്കുകയല്ലാതെ നിർവാഹമില്ല. തിരക്കേറിയ രാവിലെയും വൈകീട്ടും സ്ത്രീകളും കുട്ടികളും അടക്കം വല്ലാതെ ബുദ്ധിമുട്ടുകയാണ്.
കാൽനടക്ക് മറ്റൊരു തടസ്സം അനധികൃത പാർക്കിങ്ങാണ്. കോർപറേഷന് കീഴിലും സ്വകാര്യ വ്യക്തികളുടെയും പാർക്കിങ് സെന്ററുകൾ ഉണ്ടായിരക്കവെയാണ് വിവിധ മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നത്. ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തുന്നതിന് പകരം പതിവായി നിയമലംഘനങ്ങൾ പിടികൂടാനുള്ള സംവിധാനമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.