മാള: തറികളിൽ ചവിട്ടി തുന്നിയെടുത്ത് ജീവിത സ്വപ്നങ്ങൾ നെയ്യുകയാണ് മാള നെയ്തകുടി വടക്കേടത്ത് പറമ്പിൽ ജയശ്രീയും കൊടുങ്ങല്ലൂർകാരൻ വീട്ടിൽ ഐഷയും. നെയ്ത കുടിയിലെ ഐഷയുടെ വീടിനോട് ചേർന്ന ഷെഡിൽ ചവിട്ടി നിർമാണ യൂനിറ്റ് നടത്തുകയാണ് ഇരുവരും. അയൽപക്കത്ത് തന്നെയാണ് ജയശ്രീയുടെ വീടും.
വീട്ടുകാര്യങ്ങൾക്ക് ശേഷം മിച്ചം വരുന്ന സമയം എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയിൽ നിന്നാണ് ചവിട്ടി നിർമാണത്തിന്റെ തുടക്കം. കഴിഞ്ഞ വർഷമാരംഭിച്ച നിർമാണ യൂനിറ്റിൽ വിവിധ നിറത്തിലുള്ള ചവിട്ടികൾ ആകർഷകമായാണ് നിർമിച്ചെടുക്കുന്നത്.
നിലമ്പൂരിൽ നിന്നാണ് നിർമാണത്തിനാവശ്യമായ മെറ്റീരിയൽ കൊണ്ടുവന്നിരുന്നത്. എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നാണ് നിർമാണത്തിന് വേണ്ട കോട്ടൺ മെറ്റീരിയൽ, ബനിയൻ സ്റ്റെഫ്, കോട്ടൺ വേസ്റ്റ് തുടങ്ങിയവ കൊണ്ടുവരുന്നത്. തുടർന്ന് മാളയിൽ കൊണ്ടുവന്ന് തരംതിരിക്കും. തരംതിരിച്ച് കളർ സെറ്റാക്കുന്നത് ഏറെ ശ്രമകരമാണ്. സഹായികളായി ആരെങ്കിലും വെച്ചാൽ കൂടുതൽ ചവിട്ടികൾ നിർമിക്കാമെങ്കിലും നിലവിലെ സാമ്പത്തിക പ്രയാസത്തിന്റെ പശ്ചാത്തലത്തിൽ അത് സാധ്യമാകാത്ത അവസ്ഥയാണെന്ന് ഇരുവരും പറയുന്നു.
നിലവിലുള്ള രണ്ട് തറികൾക്കും കൂടി ഒരു ലക്ഷം രൂപയാണ് വില. തറികൾ വാങ്ങാൻ ബാങ്ക് ലോണെടുത്തിട്ടുണ്ട്. ഇവ അടച്ചുവരുമ്പോൾ ഒന്നും മിച്ചമുണ്ടാകുന്നില്ല. ബാധ്യത തീർന്നാൽ നെയ്ത്ത് വൻ ലാഭകരമാക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ആവശ്യാനുസരണം വലിപ്പ ചെറുപ്പങ്ങളാക്കി നൽകിയും വരുന്നുണ്ട്. ഈടുറ്റ രീതിയിലാണ് നിർമിക്കുന്നതെന്നും ഇരുവരും പറയുന്നു. നെയ്തെടുത്തവ വീടുകൾതോറും നടന്ന് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ പരിപാടികൾ നടക്കുന്നിടത്തും ഉൽപ്പന്നങ്ങളുമായി എത്തിയും വിപണി കണ്ടെത്തും. വിപണ സാധ്യത ഇനിയുമുണ്ടെന്ന് ഇവർ പറയുന്നു. അതേസമയം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ ഇവ വില്പനക്ക് വാങ്ങുന്നില്ലെന്ന പരാതിയും ഇരുവർക്കുമുണ്ട്. നിർമ്മാണ യൂനിറ്റിനായി കൂടുതൽ സൗകര്യം വേണ്ടതുണ്ട്. മഴക്കാലം എത്തിയാൽ ഉല്പന്നങ്ങൾ നനയുമെന്ന ഭീഷണിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.